ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ‘ബോയ്കോട്ട് ചൈന’ തരംഗമാണ്. ചൈന നിർമിച്ചതെല്ലാം ബഹിഷ്കരിക്കാനാണ് ചിലർ ആഹ്വാനം ചെയ്യുന്നത്. ഇന്ത്യയിൽ വലിയ പ്രചാരമുള്ള ടിക്-ടോക് അടക്കമുള്ള ചൈനീസ് ആപ്പുകളും മെയ്ഡ് ഇൻ ചൈന ഉപകരണങ്ങളും നിരോധിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ‘ഗോ ലോക്കൽ’ എന്ന് പറഞ്ഞ് സ്വദേശി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
ഇൗ സാഹചര്യത്തിൽ ഇന്ത്യയിൽ വലിയ തോതിലുള്ള ‘ബോയ്കോട്ട് ചൈന’ കാംപെയ്ൻ പ്രതീക്ഷിക്കുന്ന ചൈനീസ് കമ്പനികൾ അതിനുള്ള മുന്നൊരുക്കത്തിലാണെന്നാണ് റിപ്പോർട്ട്. ഇത്തരം കാംപെയ്നുകളിൽ ‘ബോയ്കോട്ട് ചൈന’ എന്ന് ആലേഖനം ചെയ്ത ടീ-ഷർട്ടുകളും തൊപ്പികളും ഇന്ത്യയിൽ വലിയ രീതിയിൽ ചിലവാകുമെന്ന് മുൻകൂട്ടിക്കണ്ട് ചൈന അതിെൻറ നിർമാണവും തുടങ്ങിയിരിക്കുകയാണ്. ഡിജിറ്റൽ ഫാബ്ലെറ്റ് എന്ന വെബ്സൈറ്റാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്.
തങ്ങളെ ബഹിഷ്കരിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ മാർക്കറ്റിലേക്ക് ‘ബോയ്കോട്ട് ചൈന’ എന്ന് പ്രിൻറ് ചെയ്ത ടീ-ഷർട്ടുകളും തൊപ്പികളും പരമാവധി കയറ്റിയയച്ച് ലാഭമുണ്ടാക്കാനാണ് ചൈനയുടെ ശ്രമം. നിലവിൽ ഇന്ത്യയിലേക്ക് അവ കയറ്റിയയച്ചുതുടങ്ങിയെന്നാണ് വിവരം. ഇത്തരം ടീ-ഷർട്ടുകൾക്കും തൊപ്പികൾക്കും വലിയ ഡിമാൻറ് ഇന്ത്യയിൽ ഉയർന്നുവന്നത് കൊറോണ വൈറസും ലോക്ഡൗണും തളർത്തിയ ചൈനയിലെ കുടിൽ വ്യവസായങ്ങൾക്ക് പുത്തനുണർവാണ് നൽകിയിരിക്കുന്നത്.
ഇന്ത്യക്കാർ ‘ബോയ്കോട്ട് ചൈന’ ക്യാംപെയിനിെൻറ ഭാഗമായി മെയ്ഡ് ഇൻ ചൈന ടീ-ഷർട്ടുകളും തൊപ്പികളും വാങ്ങിത്തുടങ്ങിയെന്നും ഡിജിറ്റൽ ഫാബ്ലെറ്റിെൻറ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.