പാകിസ്താൻ ഭയപ്പെടുന്ന ഡോൺ റിപ്പോർട്ടറുടെ വേരുകൾ ഗോവയിൽ

ഇസ്ലാമാബാദ്: പാകിസ്താനിൽ പത്രപ്രവർത്തനത്തിന് അത്ര ശോഭനമായ ഭാവി താൻ കാണുന്നില്ല- ഈ വാക്കുകൾ പറ‍യുമ്പോൾ സിറിൽ അൽമെയ്ദ കരുതിക്കാണില്ല. ഒരു വർഷത്തിനുള്ളിൽ താൻ അതിന്‍റെ ഒരു ഇരയായി മാറുമെന്ന്. ഒരു വർഷം മുമ്പ് ഗോവ സന്ദർശിക്കാനെത്തിയപ്പോഴാണ് സിറിൽ ഇങ്ങനെ പറഞ്ഞത്.

പാകിസ്താനിലെ ഏറ്റവും പ്രശസ്തമായ ഇംഗ്ളീഷ് പത്രത്തിന്‍റെ അസിസ്റ്റന്‍റ് എഡിറ്ററാണ് രാജ്യം വിട്ടപോകരുതെന്ന് ഭരണകൂടം ആവശ്യപ്പെട്ട സിറിൽ അൽമെയ്ദ. പാകസ്താൻ ഭരണകൂടവും സൈന്യവും തമ്മിൽ നടന്ന വളരെ രഹസ്യമായ ഒരു കൂടിക്കാഴ്ച ഡോണിൽ റിപ്പോർട്ട് ചെയ്തു എന്നതായിരുന്നു സിറിൽ ചെയ്ത കുറ്റം.

"അമ്പരന്നു.. ദുഖം തോന്നി. എന്‍റെ രാജ്യം പാകിസ്താനാണ്. ഇവിടം വിട്ട് മറ്റെവിടെയും പോകാൻ താൻ ഉദ്ദേശിക്കുന്നില്ല." എക്സിറ്റ് കൺട്രോൾ ലിസ്റ്റിൽ ഉൾപ്പെട്ടതറിഞ്ഞപ്പോൾ സിറിലിന്‍റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

കറാച്ചിയിലെ വളരെ ചെറിയ ന്യൂനപക്ഷമായ ഗോവൻ കാത്തലിക്സ് വിഭാഗത്തിൽപെട്ടയാളാണ് സിറിൽ. ഏകദേശം നൂറു വർഷം മുമ്പെങ്കിലുമാണ് അദ്ദേഹത്തിന്‍റെ പ്രപിതാമഹന്മാർ ഗോവയിൽ നിന്ന് കറാച്ചിയിലേക്ക് കുടിയേറിയത്.

കറാച്ചിയിലെ പഴയ ഗോവക്കാർ ഇപ്പോഴും സെന്‍റ് ഫ്രാൻസിസ് പുണ്യാളന്‍റെ ആഘോഷങ്ങൾക്ക് ഗോവയിലെത്താറുണ്ട്. എന്നാൽ അൽമെയ്ദയുടെ തലമുറ അവരിൽ ഉൾപ്പെടുന്നില്ല. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ജോലിയും തേടി അമേരിക്കയിലേക്കോ യൂറോപ്പിലേക്കോ കുടിയേറാനുള്ള വ്യഗ്രതയിലാണ് ഇവർ.  ഏകദേശം 150 വർഷങ്ങൾക്ക് മുമ്പ് തന്നെ ഗോവയിൽ നിന്ന് കറാച്ചിയിലേക്ക് കുടിയേറ്റം ആരംഭിച്ചിട്ടുണ്ട്. അന്ന് പോയവരിരുടെ പിന്മുറക്കാർ പലരും പാകിസ്താനിലെ ആർമിയിലും മറ്റ് ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരാണ്.

2012ൽ ഗോവ ആർട്സ് ആൻഡ് ലിറ്റററി ഫെസ്റ്റിവെലിൽ പങ്കെടുക്കാനായിരുന്നു ആദ്യമായി സിറിൾ ഗോവയിലെത്തിയത്. തുടർന്ന് രണ്ട് തവണ കൂടി സിറിൾ ഗോവ സന്ദർശിച്ചു. അൽമെയ്ദ കുടുംബം ഇപ്പോഴും വീട്ടിൽ സംസാരിക്കുന്നത് കൊങ്കണി ഭാഷയണെന്ന് സുഹൃത്തുക്കൾ പറയുന്നു. ഗോവൻ ഭക്ഷണത്തിന്‍റെ ആരാധകനായ സിറിൾ തനത് ഗോവൻ രുചിക്കൂട്ടായ റെച്ചണ്ടോ മസാല എല്ലായ്പോഴും ഇവിടെ നിന്ന് കറാച്ചിയിലേക്ക് കൊണ്ടുപോകാറുണ്ടെന്നും സുഹൃത്ത് വെളിപ്പെടുത്തുന്നു.

പാകിസ്താൻ സ്ഥാപകനായ മുഹമ്മദാലി ജിന്ന ആരംഭിച്ച പത്രത്തിലെ റിപ്പോർട്ടർക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന്  പ്രത്യാശിക്കുന്നതായി പാകിസ്താനിലെ മീഡിയ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും പ്രതികരിച്ചു.

Tags:    
News Summary - Cyril Almeida: Who Dared Pakistan Govt Has Goan Roots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.