ഇസ്ലാമാബാദ്: രാജ്യദ്രോഹ കേസിൽ പാകിസ്താൻ മുൻ പ്രസിഡൻറും സൈനിക മേധാവിയുമായിരുന്ന പർവേസ് മുശർറഫിന് വധശിക്ഷ. പെഷാവർ ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക വിചാരണ കോടതിയുടെ മൂന്നംഗ ബെഞ്ചിേൻറതാണ് വിധി. 2007 നവംബർ മൂന്നിന് ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് മുശർറഫ് വിചാരണ നേരിട്ടത്. അറസ്റ്റ് ഒഴിവാക്കുന്നതിന് ചികിത്സകാരണങ്ങൾ പറഞ്ഞ് 2016 മാര്‍ച്ചിൽ മുശർറഫ് രാജ്യംവിടുകയായിരുന്നു. ഇപ്പോള്‍ ദുൈബയിലാണുള്ളത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് പ്രധാനമന്ത്രിയുൾെപ്പടെയുള്ളവരുമായി ആലോചിച്ചാണെന്നാണ് മുശർറഫിെൻറ വാദം. പ്രത്യേക കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുശർറഫ് ശനിയാഴ്ച നല്കിയ ഹരജിയില്‍ ലാഹോര്‍ ഹൈകോടതി തിങ്കളാഴ്ച സര്‍ക്കാറിനു നോട്ടീസ് അയച്ചിരുന്നു. തനിക്കെതിരായ വിചാരണ ഭരണഘടന വിരുദ്ധമാണെന്നും ഹരജിയിൽ ബോധിപ്പിച്ചിരുന്നു. മുശർറഫിെൻറ ഹരജി ഫുൾബെഞ്ചിൽ പരിഗണിക്കാനുള്ള ലാഹോർ ഹൈകോടതിയുടെ ശിപാർശക്കു പിന്നാലെയാണ് പ്രത്യേക കോടതിയുടെ വിധിയും വന്നിരിക്കുന്നത്.
പെഷാവർ ഹൈകോടതി ചീഫ് ജസ്റ്റിസ് വഖാർ അഹ്മദ് സേത് അധ്യക്ഷനും സിന്ധ് ഹൈകോടതി ജഡ്ജി നാസർ അക്ബർ, ലാഹോർ ഹൈകോടതി ജഡ്ജി ശാഹിദ് കരീം എന്നിവർ അംഗങ്ങളുമായ ബെഞ്ചിൽ നിന്നുണ്ടായ ഭൂരിപക്ഷ വിധിയുടെ വിശദാംശങ്ങൾ 48 മണിക്കൂറിനുള്ളിൽ കോടതി പ്രസിദ്ധപ്പെടുത്തും. പാക് പട്ടാള മേധാവിയായിരുന്ന 76കാരനായ മുശർറഫ് പട്ടാള അട്ടിമറിയിലൂടെയാണ് ഭരണം പിടിക്കുന്നത്. 1999 മുതൽ 2008 വരെ പാക് ഭരണാധികാരിയായിരുന്നു. ബേനസീറിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതടക്കം നിരവിധി കേസുകളിലും വിചാരണ നേരിടുന്നുണ്ട്.
കേസ് അടിസ്ഥാനരഹിതം, വിചാരണ തന്നെ കേൾക്കാതെ –മുശർറഫ്
ദുബൈ: തന്നെ കേൾക്കാതെ കോടതി പ്രഖ്യാപിച്ച വിധി ഉപേക്ഷിക്കണമെന്നും താൻ നിരപരാധിയാണെന്നും പാകിസ്താൻ മുൻ പ്രസിഡൻറ് ജനറൽ പർവേസ് മുശർറഫ്. താൻ കരുവാക്കപ്പെടുകയായിരുന്നു. രാജ്യേദ്രാഹകേസ് കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണെന്നും ദുബൈയിൽ ചികിത്സയിലുള്ള മുശർറഫ് വിഡിയോ സന്ദേശത്തിൽ അറിയിച്ചു. പ്രതികരണം ഉറ്റ സഹായി മുഖേനയാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്.
പത്തു വർഷം നാടിനെ സേവിച്ചു. അനവധി കാലം നാടിനുവേണ്ടി പോരാടി. തനിക്ക് അറിവുള്ളതല്ല കേസിെൻറ സംഭവം, തെൻറ ഭാഗം കേട്ടിട്ടുമില്ല. ആരോഗ്യനില തീർത്തും വഷളായതിനെ തുടർന്ന് ഡിസംബർ രണ്ടിന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ പാക് പ്രസിഡൻറ് ഇപ്പോൾ ദുബൈ ഡൗൺടൗണിലെ വീട്ടിൽ വിശ്രമത്തിലാണ്. അഭിഭാഷകരുമായി കൂടിയാലോചന നടത്തിയ ശേഷം വിശദമായ പ്രതികരണം പുറത്തിറക്കുമെന്ന് ഒാൾ പാകിസ്താൻ മുസ്ലിം ലീഗ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.