റിയാദ്: യമന്‍ മുന്‍ പ്രസിഡൻറും യമന്‍ പോപുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ അലി അബ്ദുല്ല സാലിഹ് കൊല്ലപ്പെട്ടു. തലസ്ഥാന നഗരിയായ സന്‍ആയിലെ ഭവനത്തില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തിലാണ് അലി സാലിഹും കൂടെയുള്ളവരും കൊല്ലപ്പെട്ടത്. ഹൂതി ചാനലായ ‘അല്‍മസീറ’യാണ് ആദ്യമായി വാര്‍ത്തയും ദൃശ്യങ്ങളും പുറത്തുവിട്ടത്. അലി സാലിഹിെൻറ പാര്‍ട്ടി തുടക്കത്തില്‍ വാര്‍ത്ത നിഷേധിച്ചിരുന്നെങ്കിലും പിന്നീട് സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിതന്നെ നേതാവിെൻറ മരണവാര്‍ത്ത സ്ഥിരീകരിച്ചു.
ഹൂതികളോടൊപ്പം ചേര്‍ന്ന് കഴിഞ്ഞ രണ്ടര വര്‍ഷത്തിലധികമായി അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള ഒൗദ്യോഗിക സര്‍ക്കാറിനെതിരെ വിഘടന പോരാട്ടം നടത്തിയ അലി സാലിഹ് പക്ഷം കഴിഞ്ഞ ഒരാഴ്ചയായി ഹൂതികളുമായി ചേരിതിരിഞ്ഞ് പോരടിക്കുകയായിരുന്നു. ഹൂതികളുടെ ശത്രുത ക്ഷണിച്ചു വരുത്താന്‍ ഇത് കാരണമായി. തലക്കും ശരീരത്തിെൻറ ഇതരഭാഗത്തും വെടിയേറ്റ് മരിച്ച അലി സാലിഹിെൻറ വിഡിയോ ദൃശ്യങ്ങള്‍ വിവിധ അറബ്, അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. നേതാവ് മരണപ്പെട്ടെങ്കിലും ഹൂതികളുമായുള്ള ചെറുത്തുനില്പ് തുടരുമെന്ന് പാര്‍ട്ടി മിലീഷ്യവിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
ഹൂതികളെ തുരത്തി രാജ്യത്തെ രക്ഷിക്കണമെന്ന് തെൻറ സ്വാധീനവൃത്തമായ സന്‍ആ നിവാസികളോടും യമന്‍ പൗരന്മാരോടും അലി സാലിഹ് കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയെ കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ഒന്നിച്ച് നേരിട്ടിരുന്ന ഇരു ചേരികളും തലസ്ഥാന നഗരിയായ സന്‍ആയില്‍ പോരടിക്കുന്നതിനിടയിലാണ് അലി സാലിഹ് കൊല്ലപ്പെടുന്നത്. അലി സാലിഹ് സമചിത്തത വീണ്ടെടുത്ത് ഐക്യത്തിലേക്ക് തിരിച്ചുവരണമെന്ന് ഹൂതി നേതാവ് അബ്ദുല്‍ മലിക് അല്‍ഹൂതി അഭ്യര്‍ഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.