വിയന: ഒാസ്ട്രിയയിൽ തീവ്ര വലതുപക്ഷത്തിന് പ്രാതിനിധ്യം നൽകി പുതിയ സർക്കാർ അധികാരമേറ്റു. പഴയ നാസിപാർട്ടിയിലെ മുൻ അംഗങ്ങൾ രൂപം നൽകിയ തീവ്ര വലതുപക്ഷമായ ഫ്രീഡം പാർട്ടിയെ സഖ്യം ചേർത്ത് ഒാസ്ട്രിയൻ പീപ്ൾസ് പാർട്ടിയാണ് ഇന്നലെ അധികാരമേറിയത്. പടിഞ്ഞാറൻയൂറോപ്പിൽ ഇതാദ്യമായാണ് തീവ്ര വലതുപക്ഷം അധികാരത്തിൽ പങ്കാളിയാകുന്നത്. ചാൻസലറായി ചുമതലയേറ്റ സെബാസ്റ്റ്യൻ കുർസിന് 31 ആണ് പ്രായം. യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയെന്ന ബഹുമതിയും അദ്ദേഹത്തിനാണ്.
183 അംഗ ദേശീയ കൗൺസിലിലേക്ക് ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പീപ്ൾസ് പാർട്ടി 62 സീറ്റുകൾ നേടി വലിയ ഒറ്റക്കക്ഷിയായിരുന്നു. മൂന്നാമതെത്തിയ ഫ്രീഡം പാർട്ടി 51സീറ്റുകളും സ്വന്തമാക്കി. ആഴ്ചകളെടുത്ത ചർച്ചകൾക്കൊടുവിലാണ് രാജ്യം മുഴുക്കെ തുടരുന്ന കടുത്തപ്രതിഷേധങ്ങൾ അവഗണിച്ച് തീവ്ര വലതുപക്ഷത്തെ ഭരണപങ്കാളിയാക്കാൻ കുർസ് തീരുമാനമെടുത്തത്. ഇന്നലെയും പ്രസിഡൻറിെൻറ കൊട്ടാരത്തിനു മുന്നിൽ ഉൾപെടെ രാജ്യത്തുടനീളം പ്രകടനങ്ങൾ നടന്നു. അനധികൃതകുടിയേറ്റത്തിനെതിരെ നടപടി സ്വീകരിക്കുക, അഭയാർഥികളായി അംഗീകാരം നൽകാത്തവരെ ഉടൻ മടക്കി അയക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ഇരുകക്ഷികളും സഖ്യത്തിന് ധാരണയായത്.
തീവ്ര വലതുപക്ഷം അധികാരമേറിയതിനെതിരെ പ്രഡിഡ ൻറിെൻറ കൊട്ടാരത്തിനു സമീപം പ്രതിഷേധിക്കുന്നവർ
അതേസമയം, നേരേത്ത ഫ്രീഡം പാർട്ടി മുന്നോട്ടുവെച്ച യൂറോപ്പ് വിടണമെന്ന ആവശ്യം ഉപേക്ഷിക്കാൻ തയാറായിട്ടുണ്ട്. പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം തുടങ്ങിയ തന്ത്രപ്രധാന വകുപ്പുകൾ ഫ്രീഡം പാർട്ടിക്ക് നൽകാനും തീരുമാനമായി. പാർട്ടി നേതാവ് ഹെയ്ൻസ് ക്രിസ്റ്റ്യൻ സ്ട്രാച്ചി വൈസ് ചാൻസലറുമാകും. അഭയാർഥിപ്രവാഹത്തിെൻറ ചുവടുപിടിച്ച് യൂറോപ്പിൽ ശക്തിപ്രാപിച്ച തീവ്ര വലതുപക്ഷം മറ്റുരാഷ്ട്രങ്ങളിലും നിയമനിർമാണ സഭകളിൽ സാന്നിധ്യമുറപ്പിച്ചിട്ടുണ്ടെങ്കിലും ഭരണം നേടിയിട്ടില്ല. ഒാസ്ട്രിയക്കുപിറകെ മറ്റു രാജ്യങ്ങളും സഖ്യത്തിന് ഒരുങ്ങിയാൽ പുതിയ വെല്ലുവിളികളാകും യൂറോപ്പിനെയും കാത്തിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.