ഇസ്ലാമാബാദ്: പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫിനെതിരെ മാനനഷ്ടക്കേസിൽ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനെന്നു കരുതുന്ന ഹാഫിസ് സഇൗദ് വക്കീൽ നോട്ടീസയച്ചു.
അഭിഭാഷകനായ എ.കെ. ദോഗർ മുഖേനയാണ് ഹാഫിസ് സഇൗദ് നോട്ടീസ് അയച്ചത്. ന്യൂയോർക്കിൽ നടന്ന ഏഷ്യ സൊസൈറ്റി ഫോറത്തിൽ സംസാരിക്കവെ ഖ്വാജ ആസിഫ് ഹാഫിസ് സഇൗദിനെതിരെ നടത്തിയ പരാമർശങ്ങളാണ് മാനനഷ്ടക്കേസിനാധാരം. ഹഖാനി സംഘടനകളും നിരോധിത ഭീകര സംഘടനയായ ജമാഅത്തുദ്ദഅ്വ തലവൻ ഹാഫിസ് സഇൗദും 20 വർഷം മുമ്പ് അമേരിക്കക്ക് പ്രിയപ്പെട്ടവരാണെന്നും വൈറ്റ്ഹൗസ് അവരെ വിരുന്നൂട്ടിയിരുന്നുവെന്നും ആസിഫ് ആരോപിച്ചിരുന്നു.
ഹഖാനികളും ഹാഫിസ് സഇൗദും പാകിസ്താന് ബാധ്യതയാണെന്നു പ്രഖ്യാപിച്ച ആസിഫ് അവരുടെ പേരിൽ പാകിസ്താെൻറ മേൽ പഴിചാരേണ്ടെന്നും പറഞ്ഞു. മതവിശ്വാസിയും ഭക്തനുമായ തന്നെ അമേരിക്കക്കു പ്രിയപ്പെട്ടവൻ എന്നു വിശേഷിപ്പിച്ചത് സൽപേരിനു കളങ്കമുണ്ടാക്കിയെന്നാണ് ഹാഫിസിെൻറ ആരോപണം. ഖ്വാജ ആസിഫിെൻറ ആരോപണം പച്ചക്കള്ളമാണെന്നും ഹാഫിസ് ഒരിക്കലും വൈറ്റ്ഹൗസിൽ പോയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയ അഭിഭാഷകൻ എ.കെ. ദോഗർ അദ്ദേഹം തികഞ്ഞ വിശ്വാസിയും ഭക്തനും ആണെന്നും അവകാശപ്പെട്ടു.
2002ലെ അപകീർത്തി ഒാർഡിനൻസ് പ്രകാരമാണ് നോട്ടീസ്. ആർട്ടിക്കിൾ 14 അനുസരിച്ച് ഭരണഘടന അനുശാസിക്കുന്ന പൗരെൻറ അന്തസ്സിന് കളങ്കം വരുത്തുന്ന പ്രവർത്തനങ്ങൾക്കെതിരാണ് കേസ്.പാക് വിദേശകാര്യമന്ത്രി ഇത്തരത്തിലൊരു ആരോപണവുമായി രംഗത്തുവന്നത് ഞെട്ടിപ്പിക്കുന്നതാണ്. തുടർന്നാണ് മാനനഷ്ടക്കേസ് കൊടുക്കാൻ തീരുമാനിച്ചതെന്നും അഭിഭാഷകൻ വ്യക്തമാക്കി.
പാകിസ്താൻ പീനൽ കോഡിലെ സെക്ഷൻ 500 അനുസരിച്ച് അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും ദോഗർ ചൂണ്ടിക്കാട്ടി. അമേരിക്ക ആഗോളഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സഇൗദ് ഇൗ വർഷം ജനുവരി മുതൽ വീട്ടുതടങ്കലിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.