െബെറൂത്: മാർച്ചിൽ നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇൗജിപ്തിൽ വ്യാപക വേട്ടയെന്ന് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച്.
2012ലെ പ്രസിഡൻറ് സ്ഥാനാർഥിയായിരുന്ന സ്ട്രോങ് ഇൗജിപ്ത് പാർട്ടി നേതാവ് അബ്ദുൽ മുൻഇം അബുൽ ഫുതൂഹ് ഉൾപ്പെടെ നിരവധി പ്രമുഖരാണ് രണ്ടു മാസത്തിനിടെ അറസ്റ്റിലായത്.
തീവ്രവാദ മുദ്ര ചുമത്തിയാണ് നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നതെന്നും തെരഞ്ഞെടുപ്പിൽ പ്രതിപക്ഷശബ്ദം പൂർണമായി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ചും മറ്റു 13 സംഘടനകളും തയാറാക്കിയ റിപ്പോർട്ട് പറയുന്നു.
നിലവിലെ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് സീസിയെ വിമർശിക്കുന്നവർക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാനാകില്ലെന്ന സൂചനയാണ് അറസ്റ്റുകളെന്ന് സംഘടനയുടെ പശ്ചിമേഷ്യ ഡയറക്ടർ സാറ ലീഹ് വിറ്റ്സൺ പറഞ്ഞു. നിരോധിത സംഘടന മുസ്ലിം ബ്രദർഹുഡുമായി ബന്ധം ആരോപിച്ചാണ് അറസ്റ്റുകളിലേറെയും. ഇവർക്കുമേലാണ് ഭീകര മുദ്ര ചുമത്തുന്നത്.
പ്രതിപക്ഷത്തെ പ്രമുഖരായ മുഹമ്മദ് അബ്ദുല്ലത്തീഫ് തൽഅത്ത്, ഹിഷാം ജനീന, മുഹമ്മദ് അൽഖസ്സാസ് തുടങ്ങിയവർ അറസ്റ്റിലായവരിൽപെടും. ലണ്ടനിൽ മുസ്ലിം ബ്രദർഹുഡ് നേതൃത്വവുമായി രഹസ്യ ചർച്ചകൾ നടത്തിയതിനാണ് അബുൽ ഫുതൂഹിനെ അറസ്റ്റ് ചെയ്തതെന്നാണ് സർക്കാർ വിശദീകരണം. അതേസമയം, ലണ്ടനിൽ അൽജസീറ, ബി.ബി.സി, അൽഅറബി തുടങ്ങിയ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പ്രസിഡൻറ് സീസിയെ വിമർശിച്ചതാണ് അറസ്റ്റിന് കാരണമെന്നാണ് ആക്ഷേപം. നേതാക്കൾക്കു പുറമെ മാധ്യമ പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെയും കടുത്ത വകുപ്പുകളാണ് ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.