ഇസ്ലാമാബാദ്: പാക് ബാലികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ നാലുതവണ തൂക്കിക്കൊല്ലാൻ വിധിച്ചു. ആറുവയസ്സുകാരി സൈനബ് അൻസാരിയെ നിഷ്ഠുരമായി കൊലപ്പെടുത്തിയ കുറ്റത്തിന് ഇംറാൻ അലിയെ (24) ആണ് പാക് ഭീകരവിരുദ്ധ കോടതി വധശിക്ഷക്ക് വിധിച്ചത്. ബാലികയുടെ മൃതദേഹം അപമാനിച്ചതിന് ഏഴുവർഷം തടവും 10ലക്ഷം രൂപ പിഴയടക്കാനും വിധിച്ചിട്ടുണ്ട്.
ജനുവരി ഒമ്പതിനാണ് ക്രൂരമായി മുറിവേറ്റ നിലയിൽ സൈനബിെൻറ മൃതദേഹം ലാഹോറിലെ പ്രാന്തപ്രദേശമായ കസൂരിൽ കണ്ടെത്തിയത്. സംഭവത്തിൽ രാജ്യത്തുടനീളം പ്രക്ഷോഭം നടന്നു. പ്രേക്ഷാഭകരും പൊലീസും ഏറ്റുമുട്ടി രണ്ടുപേർ മരിക്കുകയും ചെയ്തു.
തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം, തീവ്രവാദം, പ്രകൃതിവിരുദ്ധ പീഡനം എന്നീ കുറ്റകൃത്യങ്ങൾ ചേർത്താണ് നാലു തവണ വധശിക്ഷ വിധിച്ചത്. സൈനബിെൻറ തിരോധാനം പൊലീസിനെ കുഴക്കിയ സംഭവമായിരുന്നു. കാണാനില്ലെന്ന് പരാതി നൽകിയ ആദ്യ ദിവസങ്ങളിൽ പൊലീസ് അന്വേഷണത്തിന് താൽപര്യം കാണിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയപ്പോഴും പൊലീസ് നിസ്സംഗത തുടർന്നു. സൈനബിനെ കുറിച്ചുള്ള ദൃശ്യങ്ങൾ ബന്ധുക്കൾ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് മനസ്സിലാക്കുകയും ചെയ്തു. ഒരു പുരുഷെൻറ കൈപിടിച്ച് നടന്നുപോകുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ ൈവറലായിരുന്നു.
ജനുവരി 23നാണ് സംഭവത്തിൽ പ്രതിചേർത്ത് സൈനബിെൻറ അയൽവാസിയായ അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് നഗരത്തിൽ ഏഴോളം കുട്ടികളെക്കൂടി ഉപദ്രവിച്ചതായും അതിൽ അഞ്ചുപേരെ കൊലപ്പെടുത്തിയതായും പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. ഇരകളുടെ മൃതദേഹം ഒളിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾക്കു 32 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.പാകിസ്താനിലെ നിയമമനുസരിച്ച് സമൂഹത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് ഭീകരവാദമായി കണക്കാക്കും.
വിധിയിൽ പെൺകുട്ടിയുടെ പിതാവ് മുഹമ്മദ് അമീൻ സംതൃപ്തി പ്രകടിപ്പിച്ചു. പ്രതിക്ക് ജനമധ്യത്തിൽ ശിക്ഷ നടപ്പാക്കണമെന്ന് മാതാവ് നുസ്രത്ത് ബീവി ആവശ്യപ്പെട്ടു.
സുരക്ഷാ ഭീഷണികളുണ്ടായിരുന്നതിനാൽ ലാഹോറിലെ കോട് ലക്പാട്ട് ജയിലിലാണ് വിചാരണ നടന്നത്. ഇരകളുടെ ബന്ധുക്കളെ മാത്രമാണ് വിചാരണ നടന്ന സ്ഥലത്തേക്കു കടത്തിവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.