വാഷിങ്ടൺ: ഇന്ത്യ-പാക് സംഘർഷം ആണവ യുദ്ധത്തിൽ കലാശിച്ചാൽ, ഒരാഴ്ചക്കകം 50 മുതൽ 125 വരെ ദശലക്ഷം ആളുകൾ കൊല്ലപ്പെടുമെന്ന് ഗവേഷകർ. ഇത് ആറുവർഷം നീണ്ട രണ്ടാംലോക യുദ്ധമുണ്ടാക്കിയ മരണത്തേക്കാൾ വരും. മാത്രവുമല്ല, ആഗോള കാലാവസ്ഥയെതന്നെ ആണവ യുദ്ധം തകിടം മറിക്കുകയും ചെയ്യും.
യു.എസിലെ കൊളറാഡോ ബോളർ യൂനിവേഴ്സിറ്റിയിലേയും റട്ഗേഴ്സ് യൂനിവേഴ്സിറ്റിയിലെയും ഗവേഷകരാണ് ഈ അനുമാനത്തിൽ എത്തിയത്. നിലവിൽ ഇന്ത്യക്കും പാകിസ്താനും 150 വീതം ആണവായുധങ്ങളുണ്ടെന്നും അത് 2025 ആകുേമ്പാഴേക്കും 200 വീതമായി കൂടുമെന്നും ഇവർ കണക്കാക്കുന്നു. ‘സയൻസ് അഡ്വാൻസസ്’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2025ൽ ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടായാൽ സംജാതമാകുന്ന അവസ്ഥയാണ് ഇവർ പൊതുവിൽ വിലയിരുത്തുന്നത്.
ആണവായുധങ്ങൾ പൊട്ടിത്തെറിക്കുന്നതോടെ അന്തരീക്ഷത്തിൽ കലരുന്ന ദശലക്ഷക്കണക്കിന് ടൺ സൂക്ഷ്മ കാർബൺ പൊടിപടലങ്ങൾ ലോകമാകെ വ്യാപിക്കും. ഇത് ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിെൻറ തോത് 35 ശതമാനം വരെ തടയും. ഈ പ്രതിഭാസം ഭൂമിയുടെ ഉപരിതല ഊഷ്മാവ് അഞ്ചു ഡിഗ്രി വരെ കുറയാൻ കാരണമാവുകയും ചെയ്യും. ലോകത്തിലെ മഴയുടെ തോത് 15 മുതൽ 30 വരെ ശതമാനം കുറയുന്നതിനാൽ, വിവിധ മേഖലകളെ ഏറെ ദോഷകരമായി ബാധിക്കും.
ഇതെല്ലാം സസ്യലതാതികളുടെ വളർച്ചയെയും ബാധിക്കും. 10 വർഷമെങ്കിലും ഈ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിലനിൽക്കും. നിലവിൽ ഒമ്പത് രാജ്യങ്ങൾക്ക് ആണവായുധങ്ങളുണ്ടെങ്കിലും ഇന്ത്യയും പാകിസ്താനുമാണ് അതിെൻറ എണ്ണം ക്രമാനുക്രമമായി വർധിപ്പിക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.