ബെയ്ജിങ്: ഇറാനുമായി ബന്ധം നിലനിർത്തുന്ന രാജ്യങ്ങൾക്കെതിരെ ശക്തമായ ഉപരോധ ഭീഷണിയുമായി യു.എസ് രംഗെത്തത്തി മണിക്കൂറുകൾക്കിടെ തെഹ്റാനിലേക്ക് ചൈനയുടെ പുതിയ റെയിൽപാത തുറന്നു. ചൈനയുടെ ഭാഗമായ ഇന്നർ മംഗോളിയയിലെ ബായന്നൂരിൽനിന്ന് 8,000 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പുതിയ ചരക്കുപാത.
കസാഖ്സ്താൻ, തുർക്മെനിസ്താൻ രാജ്യങ്ങളെ ബന്ധിച്ചുള്ള പാത വഴി ശനിയാഴ്ച ചൈന സർവിസ് ആരംഭിച്ചു. ആദ്യ ചരക്കായി 1,150 ടൺ സൺഫ്ലവർ വിത്തുകൾ വഹിച്ച് ട്രെയിൻ തെഹ്റാനിലേക്ക് യാത്ര പുറപ്പെട്ടു. 14 ദിവസം യാത്ര ചെയ്താകും തെഹ്റാനിലെത്തുക. ലോകത്തെ ഏറ്റവും വലിയ സൂര്യകാന്തി വിത്തുൽപാദന കേന്ദ്രമാണ് ചൈനയിലെ ബായന്നൂർ. പ്രതിവർഷം 1,80,000 ടൺ വിത്തുകൾ ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഇതിലേറെയും പശ്ചിമേഷ്യ, യൂറോപ്പ്, യു.എസ് വിപണികളിേലക്കാണ് എത്തുന്നത്.
2015ൽ വൻശക്തികൾ ഒപ്പുവെച്ച ആണവ കരാർ പിൻവലിച്ച് ഇറാനെതിരെ കടുത്ത ഉപരോധത്തിന് യു.എസ് ഭരണകൂടം നീക്കം ആരംഭിച്ചിരിക്കെയാണ് ചൈനയുടെ നീക്കം. എല്ലാ രാജ്യങ്ങളും ഇറാനുമായി ബന്ധം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം യു.എസ് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാനില്ലെന്നും ഇറാനെ സഹായിക്കുമെന്നും പരസ്യപ്പെടുത്തുന്നതാണ് ചൈനയുടെ നടപടി. ഏകപക്ഷീയമായി ഇറാനെതിരെ എടുക്കുന്ന ഏത് നടപടിയും അംഗീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ചൈന വ്യക്തമാക്കിയിരുന്നു.
കപ്പൽവഴി എടുക്കുന്ന സമയത്തെക്കാൾ 20 ദിവസം കുറവാണ് ട്രെയിൻ വഴി തെഹ്റാനിലേക്ക് ചരക്കുകടത്ത്. പാത യൂറോപ്പിലേക്ക് നീട്ടാൻ പദ്ധതിയുണ്ടെന്ന് ഇറാൻ ഉദ്യോഗസ്ഥർ പറഞ്ഞു. 2017 ഫെബ്രുവരിയിൽ സമാനമായി 10,000 കിലോമീറ്റർ ദൈർഘ്യമുള്ള മറ്റൊരു ചരക്കുപാത ചൈന ഇറാനിലേക്ക് നീട്ടിയിരുന്നു. ചരിത്രപ്രധാനമായ സിൽക് റൂട്ട് പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഒന്നിലേറെ റെയിൽപാതകൾക്ക് ചൈന നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.