ബഗ്ദാദ്: ഇറാഖിലെ ഐ.എസ് ശക്തികേന്ദ്രമായ മൂസില്‍ പട്ടണത്തിന്‍െറ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ പിടിച്ചെടുക്കുന്നതിന് സൈനിക നടപടി ആരംഭിച്ചതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി അറിയിച്ചു. ഈ ഭാഗംകൂടി ഐ.എസില്‍നിന്ന് മോചിപ്പിച്ചാല്‍ പട്ടണം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ടൈഗ്രിസ് നദിയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഇവിടെ ഏഴര ലക്ഷത്തിലധികം സിവിലിയന്മാര്‍ കുടുങ്ങിക്കിടക്കുന്നതായാണ് കണക്ക്. ഇവരില്‍ മൂന്നര ലക്ഷം കുട്ടികളാണ്. അതിനാല്‍ ആക്രമണം കനത്ത നാശനഷ്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്. ഐ.എസിന്‍െറ ഭീകരതയില്‍നിന്ന് പൗരന്മാരെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന്‍െറ പുതിയ ഘട്ടമാണ് ആരംഭിച്ചിരിക്കുന്നതെന്ന് അബാദി പ്രസ്താവനയില്‍ പറഞ്ഞു.
ഇറാഖി പൊലീസും സൈന്യവും ശിയാ സായുധ ഗ്രൂപ്പുകളും ഈ ആക്രമണത്തില്‍ പങ്കാളികളാകുന്നുണ്ട്. നഗരത്തിന്‍െറ പടിഞ്ഞാറു ഭാഗത്തുള്ള ജനങ്ങള്‍ നിലവില്‍തന്നെ കടുത്ത ഭക്ഷ്യക്ഷാമവും മരുന്നുക്ഷാമവും നേരിടുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ ആക്രമണം ഇത് കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് പൗരാവകാശ സംഘങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ശനിയാഴ്ച പ്രദേശത്ത് ആക്രമണ മുന്നറിയിപ്പ് നല്‍കുന്ന ലഘുലേഖകള്‍ ഇറാഖി സൈന്യം വിമാനമാര്‍ഗം വിതറിയിരുന്നു. ‘നിങ്ങളുടെ സൈനികരെ സ്വാഗതം ചെയ്യാനും സഹായിക്കാനും ഒരുങ്ങുക. നഷ്ടം കുറക്കുന്നതിന് പോരാട്ടം പെട്ടെന്ന് വിജയത്തിലത്തെിക്കുന്നതിന് സഹായിക്കുക’ -ലഘുലേഖയില്‍ സൈന്യം ആവശ്യപ്പെട്ടു.
നൂറുകണക്കിന് സൈനിക വാഹനങ്ങളുടെയും വിമാനങ്ങളുടെയും അകമ്പടിയോടെയാണ് ഇറാഖി സേന മുന്നേറുന്നത്. ഞായറാഴ്ച ആക്രമണം തുടങ്ങി മണിക്കൂറുകള്‍ക്കകം രണ്ടു ഗ്രാമങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തതായി സേന അവകാശപ്പെട്ടു. കഴിഞ്ഞ മാസമാണ് കിഴക്കന്‍ മൂസില്‍ സര്‍ക്കാര്‍ സേന ഐ.എസില്‍നിന്ന് മോചിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇറാഖി സേന അമേരിക്കയുടെ സഹായത്തോടെ പ്രദേശം മോചിപ്പിക്കുന്നതിന് ശ്രമമാരംഭിച്ചത്. ജനുവരിക്കുശേഷം പതിനായിരത്തിലധികം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും സിവിലിയന്മാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.