മൂസിലില്‍ കനത്ത പോരാട്ടം: കിഴക്കന്‍ മേഖലയില്‍ സൈന്യം പിടിമുറുക്കി

ബഗ്ദാദ്: ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൂസില്‍  ഐ.എസില്‍നിന്ന് തിരിച്ചുപിടിക്കാന്‍ സൈന്യം അന്തിമപോരാട്ടത്തിന്. ഇറാഖില്‍ ഐ.എസിന്‍െറ അവസാന ശക്തികേന്ദ്രമാണിത്. കിഴക്കന്‍ മേഖലയിലെ നിരവധി സ്ഥലങ്ങള്‍ ഐ.എസില്‍ നിന്ന് തിരിച്ചുപിടിച്ചതായി സൈന്യം അറിയിച്ചു. 
ഐ.എസിന് കൂടുതല്‍ സ്വാധീനമുള്ള മൂസിലിന്‍െറ ഉള്‍പ്രദേശങ്ങളിലേക്കാണ് സൈന്യം കടന്നത്. ഐ.എസിന് കനത്തനാശം വിതച്ചാണ് സൈന്യത്തിന്‍െറ മുന്നേറ്റം. മേഖലയില്‍ രണ്ടു തവണ വ്യോമാക്രമണം നടത്തിയതായി സംയുക്ത സൈനിക കമാന്‍ഡര്‍ അറിയിച്ചു. തെക്കന്‍ മൂസിലില്‍നിന്ന് 30 കി.മീ. അകലെയുള്ള  ഹമാമുഅല്‍ അലീല്‍ സൈന്യം വളഞ്ഞു. ഇറാഖ് സേന മൂസില്‍ തിരിച്ചുപിടിക്കാന്‍ പോരാട്ടം ആരംഭിച്ചതോടെ, ഇവിടെനിന്ന് ഒമ്പതു വയസ്സിനു മുകളിലുള്ള ആണ്‍കുട്ടികളെ ഐ.എസ് തട്ടിക്കൊണ്ടുപോയതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി വ്യക്തമാക്കി.  ഈ കുട്ടികളെ  യുദ്ധത്തില്‍ ഐ.എസ് മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും യു.എന്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കുകിഴക്കന്‍ മേഖലയിലെ  തെഹ്രീര്‍, കിഴക്കന്‍ മേഖലയിലെ സുഹറ, കിര്‍കുക്ലി ഗ്രാമങ്ങള്‍ സൈന്യം പിടിച്ചെടുത്തു. തെക്കന്‍ മേഖലയില്‍ കറാമ, ഖ്ദ്സ് മേഖലകളില്‍ ഐ.എസ് നിയന്ത്രണം തുടരുകയാണ്. 

കിഴക്കന്‍ മൂസിലിലെ ഏദനില്‍  ചാവേറാക്രമണത്തില്‍ 15 സൈനികരെ കൊലപ്പെടുത്തിയതായും ആറു വാഹനങ്ങള്‍ തകര്‍ത്തതായും ഐ.എസ് അവകാശപ്പെട്ടു. ഈ വാദം സ്ഥിരീകരിച്ചിട്ടില്ല. പോരാട്ടം മുറുകിയതോടെ സിവിലിയന്മാരുടെ പലായനം തുടരുകയാണ്. യു.എസ് സഖ്യസേനയുടെ പിന്തുണയോടെ 3000 ഇറാഖി സൈനികരാണ് ഓപറേഷനില്‍ പങ്കെടുക്കുന്നത്.

Tags:    
News Summary - Iraqi troops storm town south of Mosul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.