ബഗ്ദാദ്: പോരാട്ടം ഏഴുദിവസം പിന്നിടവേ, മൂസിലിനടുത്തുള്ള ബാഷിഖ നഗരം കുര്‍ദ് പെഷ്മര്‍ഗ സൈന്യം ഐ.എസില്‍നിന്ന് പിടിച്ചെടുത്തു. ഞായറാഴ്ച വൈകുന്നേരമാണ് കുര്‍ദ് സൈനികര്‍ വിവരം പുറത്തുവിട്ടത്. മൂസിലില്‍ ഐ.എസിനെതിരായ സേനാനീക്കം പരിശോധിക്കാന്‍ യു.എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ ഇറാഖിലത്തെിയിരുന്നു. ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദിയുമായും പെഷ്മര്‍ഗ നേതാവ് മസൂദ് ബര്‍സനിയുമായും കാര്‍ട്ടര്‍ കൂടിക്കാഴ്ച നടത്തി.
ഐ.എസിനെതിരായ വ്യോമാക്രമണത്തില്‍ സജീവമായി ഇടപെടുന്ന യു.എസ് നേതൃത്വത്തിലുള്ള സഖ്യസേന കരയുദ്ധത്തില്‍ ഇറാഖി സൈനികര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. സഖ്യസേനയുടെ നേതൃത്വത്തില്‍ ഐ.എസിനെതിരെ ആയിരക്കണക്കിന് വ്യോമാക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
മൂസിലിന്‍െറ തെക്കുകിഴക്കന്‍ മേഖലയിലെ ക്രിസ്ത്യന്‍ നഗരമായ ഹംദിനിയ തിരിച്ചുപിടിക്കാന്‍ പോരാട്ടം തുടരുകയാണ്. മൂസിലിന്‍െറ കവാടമായാണ് ഈ നഗരത്തെ കണക്കാക്കുന്നത്. 2014ല്‍ ഐ.എസ് പിടിച്ചെടുക്കുന്ന സമയത്ത് 60,000 ത്തോളം ജനങ്ങളാണ് താമസിച്ചിരുന്നത്. കാര്‍ബോംബ് സ്ഫോടനങ്ങളിലൂടെ ചെറുത്തുനില്‍പ് തുടരുന്ന ഭീകരര്‍ ഒളിഞ്ഞിരുന്നാണ് സൈന്യത്തിനു നേരെ നിറയൊഴിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂസിലില്‍ ഐ.എസിനെതിരെ സൈനിക നീക്കം തുടങ്ങിയത്. മൂസിലില്‍നിന്ന് സൈന്യത്തിന്‍െറ ശ്രദ്ധ തിരിക്കാന്‍ ഐ.എസ് കിര്‍കൂക് ആക്രമിച്ചിരുന്നു. പോരാട്ടത്തില്‍ 51 ഭീകരരെ വധിച്ചതായി സൈന്യം അവകാശപ്പെട്ടു. സൈനികരുള്‍പ്പെടെ 46 സിവിലിയന്മാരും കൊല്ലപ്പെട്ടു.
അതിനിടെ, പടിഞ്ഞാറന്‍ ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയില്‍ മൂന്നിടങ്ങളില്‍ ഐ.എസ് ആക്രമണം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
മൂസിലില്‍ സൈന്യത്തിന്‍െറ മുന്നേറ്റം ഏതുവിധേനയും തടയുകയാണ് ഭീകരരുടെ ലക്ഷ്യം. മറ്റൊരു നഗരമായ റുത്ബയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കണമെന്ന് മേയര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 2014 ജൂലൈയിലാണ് ഈ നഗരം ഐ.എസിന്‍െറ കീഴിലായത്. പലയിടത്തും ഐ.എസ് ശക്തമായി തിരിച്ചടിക്കുന്നതിനാല്‍ മൂസിലില്‍ പോരാട്ടം ഉടനെയൊന്നും അവസാനിക്കുന്ന ലക്ഷണമില്ളെന്ന് കുര്‍ദിഷ് മന്ത്രി കരീം സിന്‍ജാരി അറിയിച്ചു.
കഴിഞ്ഞ ദിവസം സൈന്യത്തെ പ്രതിരോധിക്കാന്‍ മിഷ്റാഖ് സര്‍ഫര്‍ ഫാക്ടറിക്ക് ഐ.എസ് തീയിട്ടിരുന്നു. ഫാക്ടറിയില്‍നിന്നുയര്‍ന്ന പുകശ്വസിച്ച് ആയിരത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷപ്പുക ശ്വസിച്ച് രണ്ടുപേര്‍ മരിക്കുകയും ചെയ്തു. പുക ശ്വസിക്കാതിരിക്കാന്‍ മാസ്ക് ധരിച്ചായിരുന്നു സൈന്യത്തിന്‍െറ പിന്നീടുള്ള നീക്കം.
കുട്ടികള്‍ അടക്കമുള്ളവരെക്കൊണ്ട് മനുഷ്യമതില്‍ തീര്‍ത്തു പ്രതിരോധിക്കുകയാണ് ഐ.എസ്. കഴിഞ്ഞ ദിവസം മാത്രം ഭീകരര്‍ 284 പേരെയാണ് വധിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ നഗരത്തിന്‍െറ വടക്കുള്ള കാര്‍ഷിക യൂനിവേഴ്സിറ്റി കാമ്പസില്‍ കൂട്ടമായി മറവുചെയ്തു. നാലായിരത്തിനും എണ്ണായിരത്തിനുമിടെ ഭീകരര്‍ മൂസിലിലുണ്ടെന്നാണ് കരുതുന്നത്.
പല തവണ കൊല്ലപ്പെട്ടതായി അഭ്യൂഹം പരന്ന ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ബഗ്ദാദി മൂസിലില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, സൈന്യത്തിന് ബഗ്ദാദിയുടെ താവളം കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.