ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഇസ്ലാമോഫോബിയ വളർത്താനുള്ള ആസൂത്രിത നീക്കങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങൾ സ്വരം കടുപ്പിച്ചതിനെത്തുടർന്ന് രംഗം ശാന്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന് ത്രി എസ്. ജയ്ശങ്കറും അറബ് നേതാക്കളുമായി ഫോണിൽ ബന്ധെപ്പട്ടതായി റിപ്പോർട്ട്.
ചില സമൂഹ മാധ്യമ അക്കൗണ് ടുകളിൽ പ്രത്യക്ഷപ്പെട്ട വംശീയവിദ്വേഷം കലർന്ന പോസ്റ്റുകളിലെ ഉള്ളടക്കം ഗൾഫ് മേഖലയിലുള്ള ഇന്ത്യക്കാരെ മാത്രമല്ല, അറബ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ വിള്ളലുണ്ടായി എന്ന കാര്യം തിരിച്ചറിഞ്ഞ് കൂടിയാണ് ഇടപെടലെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. സമൂഹ മാധ്യമങ്ങളിലെ വ്യാജ ഐ.ഡികളിൽനിന്നുള്ള മത വിദ്വേഷ പോസ്റ്റുകളാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയതെന്നും ഇവക്കു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കഠിനാധ്വാനം ചെയ്യേണ്ടി വന്നതായും റിപ്പോർട്ടിൽ പറയുന്നു.
അറബ് രാജ്യങ്ങളിലെയും മറ്റ് ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കളുമായും മോദി സംസാരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ടെലിഫോണിൽ ബന്ധപ്പെട്ട ജയശങ്കർ വ്യാജ ഐ.ഡികളാണ് വിവാദങ്ങൾക്ക് പിന്നിലെന്ന് ബോധിപ്പിച്ചു. വിശുദ്ധ റമദാൻ മാസമായതിനാൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷണസാമഗ്രികളുടെ കയറ്റുമതി ഇന്ത്യ ഉറപ്പുവരുത്തുമെന്നും രാജ്യങ്ങൾക്ക് എല്ലാവിധ പിന്തുണയും ഇന്ത്യ വാഗ്ദാനം ചെയ്തതായും വിദേശ കാര്യ മന്ത്രാലയ പ്രതിനിധികൾ പറഞ്ഞു. സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ, ഖത്തർ, ഈജിപ്ത്, പലസ്തീൻ എന്നീ രാജ്യങ്ങളിലേക്ക് ഹൈഡ്രോക്സിക്ലോറോക്വിനും പാരസിറ്റമോളും വിതരണം ചെയ്യുന്നത് തുടരുമെന്നും ഉറപ്പുകൊടുത്തു.
ഒമാനിലെ ഇന്ത്യക്കാരുടെ ജീവിതം സമുഹ മാധ്യമങ്ങളിലെ ഇത്തരം വ്യാജവാർത്തകളെ തുടർന്ന് പരുങ്ങലിലാവില്ലെന്ന് പരസ്പര ധാരണയുടെയും വിശ്വാസ്യതയിലും അധിഷ്ഠിതമായ സവിശേഷ ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലെന്ന് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി മുനു മഹാവർ കഴിഞ്ഞ ദിവസം അഭിമുഖത്തിൽ പറഞ്ഞിരുന്നു. മതസൗഹാർദവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂറും പങ്കുവെച്ചിരുന്നു. മുസ്ലിംകളാണ് ഇന്ത്യയിൽ കോവിഡ് പരത്തുന്നതെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടന്ന വേളയിലായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.