വിയന: അഭയാർഥികളുടെ ഒഴുക്ക് തടയാൻ ഇറ്റലിയുമായി അതിർത്തിപങ്കിടുന്ന ബ്രെണ്ണർ ചുരത്തിൽ സൈന്യത്തെ വിന്യസിക്കാൻ തയ്യാറെന്ന് ഒാസ്ട്രിയ. ഒാസ്ട്രിയൻ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇറ്റലിയിലേക്കുള്ള അഭയാർഥികളുടെ ഒഴുക്കുതുടർന്നാൽ ഇതല്ലാതെ മറ്റു പോംവഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹംഗറിയുടെ പ്രഖ്യാപനത്തെ തുടർന്ന് ഇക്കാര്യം ചർച്ചചെയ്യാൻ ഒാസ്ട്രിയൻ അംബാസഡർ റെനെ പൊളിറ്റ്സറെ ഇറ്റാലിയൻ വിദേശകാര്യമന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്.
നേരത്തേ, ഹംഗറി അതിർത്തിയിലും ഒാസ്ട്രിയ സൈന്യത്തെ വിന്യസിച്ചിരുന്നു. എന്നാൽ, പിന്നീട് അഭയാർഥികൾക്കായി അതിർത്തി തുറന്നുെകാടുക്കണമെന്ന യൂറോപ്യൻ യൂനിയൻ ആവശ്യം അംഗീകരിക്കുകയായിരുന്നു. അഭയാർഥികളുടെ എണ്ണം വർധിക്കുന്നത് താങ്ങാനാവില്ലെന്ന് ഇറ്റലിയും അറിയിച്ചിരുന്നു. സിറിയ, ഇറാഖ് എന്നീ യുദ്ധമുഖങ്ങളിൽനിന്നാണ് അഭയാർഥികൾ കൂടുതലും. ഇൗ വർഷം ആദ്യത്തിൽ 85,000 അഭയാർഥികൾ ഇറ്റലിയിലെത്തിയതായാണ് കണക്ക്. 2016 െൻറ ആദ്യ പകുതിയെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണിതെന്ന് യു.എൻ അഭയാർഥി ഏജൻസിയായ യു.എൻ.എച്ച്.സി.ആർ ചൂണ്ടിക്കാട്ടുന്നു. ജനുവരി മുതൽ മെഡിറ്ററേനിയൻ കടൽ താണ്ടി യൂറോപ്പിലെത്തിയത് ഒരുലക്ഷം അഭയാർഥികളാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെത്തിയവരുടെ എണ്ണം 2,31,503 ആയിരുന്നു. പോയവർഷം ആദ്യ രണ്ടുമാസത്തിനകംതന്നെ ഒരുലക്ഷം അഭയാർഥികൾ യൂറോപ്പിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.