ബൈറൂത്: ലബനാൻ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഹിസ്ബുല്ലയും സഖ്യ കക്ഷികളും പകുതിയിലേറെ സീറ്റുകളിൽ വിജയിച്ചതായി റിപ്പോർട്ട്. ഒൗദ്യോഗിക ഫലപ്രഖ്യാപനത്തിന് മുമ്പ് പുറത്തുവന്ന ആദ്യ സൂചനകളാണ് ഇത് കാണിക്കുന്നത്. ഇറാെൻറ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുല്ല സിറിയയിൽ നടത്തിയ ഇടപെടലുകളിലൂടെ നേടിയ ജനപ്രീതിയാണ് തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പടിഞ്ഞാറൻ രാജ്യങ്ങളുടെയും പ്രബല അറബ് രാജ്യങ്ങളുടെയും പിന്തുണയുള്ള പ്രധാനമന്ത്രി സഅദ് അൽ ഹരീരിയുടെ പാർട്ടി കൂടുതൽ സീറ്റുകൾ നേടുമെന്ന് അവകാശപ്പെടുന്നുണ്ട്. ശിയാ വിഭാഗത്തിെൻറ പിന്തുണയുള്ള ഹിസ്ബുല്ലക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചാൽ ഹരീരിക്ക് അത് തിരിച്ചടിയാകും.
പല പടിഞ്ഞാറൻ രാജ്യങ്ങളും ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഹിസ്ബുല്ല വിജയിക്കുന്നത് രാജ്യത്ത് വിദേശ ഇടപെടലിനും അസ്ഥിരതക്കും ഇടയാക്കുമെന്നും ആശങ്കയുയർന്നിട്ടുണ്ട്. ഇസ്രായേലും ഹിസ്ബുല്ല അധികാരത്തിലേറുന്നത് ഭീതിയോടെയാണ് കാണുന്നത്. ഹിസ്ബുല്ല അധികാരത്തിലേറിയാൽ ഭാവി യുദ്ധത്തിൽ ലബനാനെയും ഹിസ്ബുല്ലയെയും വേർതിരിച്ച് കാണില്ലെന്ന് ഇസ്രായേൽ മന്ത്രി പ്രസ്താവന നടത്തിയിട്ടുണ്ട്.
ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 49 ശതമാനം വോട്ടർമാർ മാത്രമാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ഒമ്പതു വർഷത്തിനുശേഷമാണ് ലബനാനിൽ പാർലമെൻറ് തെരെഞ്ഞടുപ്പ് നടക്കുന്നത്. 128 അംഗ പാർലമെൻറിലേക്ക് 583സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. പാർലമെൻറിലെ പകുതി സീറ്റുകൾ മുസ്ലിംകൾക്കും ബാക്കി ക്രിസ്ത്യാനികൾക്കും സംവരണം ചെയ്യപ്പെട്ടതാണ്. നിയമമനുസരിച്ച് രാജ്യത്തിെൻറ പ്രസിഡൻറ് ഒരു ക്രിസ്ത്യനും പ്രധാനമന്ത്രി സുന്നി മുസ്ലിമും സ്പീക്കർ ശിയാ മുസ്ലിമുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.