ഇസ്ലാമാബാദ്: ആറു വർഷത്തിനുശേഷം നൊബേൽ സമ്മാന ജേത്രി മലാല യൂസുഫ് സായ് മാതൃ രാജ്യത്ത് തിരിച്ചെത്തി. 2012 ലുണ്ടായ താലിബാൻ ആക്രമണത്തെ തുടർന്ന് ചികിൽസക്കും സുരക്ഷക്കുമായി നാടുവിട്ട മലാല ആദ്യമായാണ് പിറന്നനാട്ടിൽ കാലുകുത്തുന്നത്. മാതാപിതാക്കൾ, ഇളയ സഹോദരൻ എന്നിവർക്കൊപ്പം വ്യാഴാഴ്ച തലസ്ഥാന നഗരത്തിലെത്തിയ അവർ പ്രധാനമന്ത്രി ഷാഹിദ് ഖാൻ അബ്ബാസിയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന്, ടെലിവിഷനിൽ രാജ്യത്തെ അഭിസംബോധന ചെയ്തു.
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണിതെന്ന് മലാല പറഞ്ഞു. 20 വയസ്സിനിടെ ജീവിതത്തിൽ പലതും അനുഭവിക്കേണ്ടിവന്നു. പെൺകുട്ടികളും സ്ത്രീകളും ഇപ്പോഴും ഏറെ ദുരിതങ്ങൾ സഹിക്കേണ്ടിവരുന്നുണ്ട്^ ഉർദു, പഷ്തു, ഇംഗ്ലീഷ് ഭാഷകളിൽ മാറിമാറി സംസാരിച്ച മലാല പറഞ്ഞു. ചെറുപ്പത്തിൽ രാജ്യംവിട്ട മലാല ഇന്ന് രാജ്യത്തെ ഏറ്റവും പ്രധാന പൗരയായാണ് തിരിച്ചെത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സുരക്ഷ കാരണങ്ങളാൽ ജൻമനാടായ സ്വാതിലേക്ക് അധികൃതർ യാത്ര നിഷേധിച്ചിരുന്നു. നാലു ദിവസം രാജ്യത്ത് തങ്ങുന്ന മലാല പിന്നീട് ബ്രിട്ടനിലേക്ക് തിരിച്ചുപോകും. 11ാം വയസ്സിലാണ് മലാല ആദ്യമായി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി രംഗത്തെത്തുന്നത്. ബി.ബി.സി ഉർദു, ന്യൂയോർക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചെറുപ്പത്തിലേ സാന്നിധ്യമായി.
15ാം വയസ്സിൽ സ്കൂൾ ബസിലിരിക്കെയാണ് മലാലയെ തേടി അക്രമിയെത്തുന്നതും തലച്ചോർ ലക്ഷ്യമാക്കി വെടിയുതിർക്കുന്നതും. പടിഞ്ഞാറൻ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നുെവന്നാരോപിച്ചായിരുന്നു ആക്രമണം. അതിഗുരുതരാവസ്ഥയിൽ പാക് സൈനിക ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം ബ്രിട്ടനിലെ ബർമിങ്ങാമിലേക്ക് കൊണ്ടുപോയ മലാല മൂന്നു മാസത്തെ ചികിൽസക്കു ശേഷം സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്നു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഒാക്സ്ഫഡിൽ തുടർ പഠനത്തിനായി ചേർന്നു.
2014ൽ നൊബേൽ പുരസ്കാരം നേടുേമ്പാൾ ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ െനാബേൽ ജേത്രിയായിരുന്നു മലാല. തീവ്രവാദി ഭീഷണി കാരണം പിന്നീട് മാതൃരാജ്യത്തേക്ക് മടങ്ങാൻ സാധിച്ചിരുന്നില്ല. എല്ലാ പെൺകുട്ടികൾക്കും പഠിക്കാനും ഭയമില്ലാതെ ജീവിക്കാനും ഉതകുന്ന ലോകത്തിനായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ പിതാവ് സിയുദ്ദീനോടൊപ്പം ചേർന്ന് മലാല ഫണ്ട് എന്ന സംഘടന സ്ഥാപിച്ചു പ്രവർത്തിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.