ഡമസ്കസ്: സമാധാന കരാർ ലംഘിച്ച്, വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിൽ അഭയാർഥിക്യാമ്പിനുനേരെ വ്യോമാക്രമണം. ഹമ പ്രവിശ്യയിൽനിന്നു പലായനം ചെയ്തവർ കഴിയുന്ന ക്യാമ്പിലാണ് സൈന്യത്തിെൻറ വ്യോമാക്രമണമുണ്ടായത്. സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദിനെ എതിർക്കുന്ന വിമതർക്ക് സ്വാധീനം അവശേഷിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് ഇദ്ലിബ്. സൈനിക നടപടിയെ തുടർന്ന് പ്രവിശ്യയിൽനിന്നു രണ്ടു ലക്ഷത്തോളം പേർ പലായനം ചെയ്തതായാണ് കണക്കുകൾ.
സിറിയയിൽ സമാധാനം സ്ഥാപിക്കുന്നതിന് റഷ്യ, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങൾ തമ്മിൽ, കസാഖ്സ്താൻ തലസ്ഥാനമായ അസ്താനയിൽവെച്ച് സമാധാന കരാർ ഒപ്പുവെച്ചിരുന്നു. എന്നാൽ, അതിനുശേഷവും വിമതർക്ക് സ്വാധീനമുള്ള കേന്ദ്രങ്ങളിൽ റഷ്യൻ വ്യോമസേനയുടെ പിന്തുണയോടെ സൈന്യം ആക്രമണം തുടരുകയാണ്. അഭയാർഥി ക്യാമ്പിനു നേർക്കുണ്ടായ ആക്രമണത്തെ തുടർന്ന് തുർക്കി റഷ്യയുടെയും ഇറാെൻറയും നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി വിശദീകരണം തേടി.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഡമസ്കസിെൻറ പ്രാന്തപ്രദേശമായ ഖൂത്തയിൽ ആക്രമണങ്ങളിൽ ചുരുങ്ങിയത് 179 പേർ കൊല്ലപ്പെട്ടതായി യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ 51 കുട്ടികളും 38 സ്ത്രീകളും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.