യാംഗോൻ: ജനാധിപത്യനേതാവും സ്റ്റേറ്റ് കൗൺസിലറുമായ ഒാങ് സാൻ സൂചിയുടെ വലംകൈയും മ്യാന്മർ പ്രസിഡൻറുമായ ടിൻ ജോ (71) രാജിവെച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശമ്രജീവിതം നയിക്കാനാണ് രാജിയെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചത്. റോഹിങ്ക്യൻ വിഷയത്തിൽ ആഗോളതലത്തിൽ വിമർശനം തുടരുന്നതിനിടെ ജോയുടെ രാജി സൂചിക്ക് തിരിച്ചടിയായി.
സൂചിയുടെ ബാല്യകാല സുഹൃത്താണ് ജോ. ഇദ്ദേഹത്തെ മുന്നിൽ നിർത്തിയായിരുന്നു സൂചിയുടെ ഭരണം.സൂചിയുടെ ഭർത്താവിനും രണ്ടു മക്കൾക്കും ബ്രിട്ടീഷ് പൗരത്വമുള്ളതിനാൽ പ്രസിഡൻറാവാൻ കഴിയാതെ പോയ സാഹചര്യത്തിലാണ് ജോയെ ആ സ്ഥാനത്ത് നിയമിച്ചത്.
മ്യാന്മറിൽ വിദേശ പൗരത്വമുള്ളവർക്കോ അവരുടെ ബന്ധുക്കൾക്കോ പ്രസിഡൻറാകുന്നതിന് ഭരണഘടനാപരമായ വിലക്കുണ്ട്. സൂചിയുടെ വിശ്വസ്തനും പാർലമെൻറ് സ്പീക്കറുമായ വിൻ മിൻറിനെ ആ പദവിയിേലക്ക് നിയമിക്കാനാണ് തീരുമാനമെന്ന് നാഷനൽ ലീഗ് ഫോർ ഡെമോക്രസി (എൻ.എൽ.ഡി) വക്താവ് പറഞ്ഞു. ഒരാഴ്ചക്കകം പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ട്. പുതിയ പ്രസിഡൻറിനെ തിരഞ്ഞെടുക്കുന്നതുവരെ വൈസ് പ്രസിഡൻറ് മിൻറ് സ്യൂ ആ പദവി വഹിക്കും.
റോഹിങ്ക്യൻ കൂട്ടക്കൊലയെ വംശഹത്യയുടെ പാഠപുസ്തകമെന്നാണ് യു.എൻ വിശേഷിപ്പിച്ചത്. എന്നാൽ, വംശഹത്യ നടന്നിട്ടില്ലെന്നാണ് മ്യാന്മർ ഭരണകൂടത്തിെൻറ വാദം.
കൂട്ടക്കൊലയെ തുടർന്ന് ഏഴു ലക്ഷം അഭയാർഥികളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഇവരിൽ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാൻ താൽപര്യം കാണിച്ച ആയിരങ്ങളിൽ 374 പേരെ മാത്രമേ സ്വീകരിക്കാൻ കഴിയൂവെന്നാണിപ്പോൾ സർക്കാർ നിലപാട്.
മാസങ്ങളായി ജോക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യം സർക്കാർവൃത്തങ്ങൾ തള്ളിയിരുന്നു. പിന്നീടാണ് ആരോഗ്യപ്രശ്നങ്ങളാണ് രാജിക്ക് പിന്നിലെന്ന് വ്യക്തമാക്കിയത്.
ശസ്ത്രക്രിയയുൾപ്പെടെയുള്ള ചികിത്സകൾ തുടരുകയാണ് അദ്ദേഹത്തിനെന്നും കൂട്ടിേച്ചർത്തു. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും വാർത്തയുണ്ടായിരുന്നു. 1962ലെ സൈനിക അട്ടിമറിക്കുശേഷം ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻറാണിദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.