പ്യോങ്യാങ്: ആണവ പരീക്ഷണങ്ങൾ ഉത്തര കൊറിയക്ക് പുത്തരിയല്ല; അത് നിർത്തിവെക്കാനുള്ള കരാറുകളും. ഇതേ ആവശ്യത്തിനായി നിരവധി തവണ യു.എസുമായി കരാറുണ്ടാക്കി. എന്നാൽ, അതൊന്നും പാലിക്കപ്പെട്ടില്ല. ആണവായുധ പരീക്ഷണങ്ങൾ അവസാനിപ്പിക്കുമെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനത്തിന് എത്രകാലം ആയുസ്സുണ്ടാകുമെന്ന് പ്രവചിക്കാനാവില്ല.
1994ൽ അന്നത്തെ യു.എസ് പ്രസിഡൻറായിരുന്ന ബിൽ ക്ലിൻറൻ ഉത്തര കൊറിയയുമായി ആണവ ധാരണയുണ്ടാക്കി. മാസങ്ങൾ മാത്രമേ കരാറിന് ആയുസ്സുണ്ടായിരുന്നുള്ളൂ. കരാറിൽനിന്ന് പിന്മാറുമെന്ന് ഭീഷണിമുഴക്കിയ ഉത്തര കൊറിയ ആണവായുധങ്ങളുടെ ശേഖരം വർധിപ്പിക്കുകയും ചെയ്തു. ധാരണപ്രകാരം രണ്ട് ആണവ നിലയങ്ങളുടെ നിർമാണം നിർത്തിവെക്കുമെന്നായിരുന്നു ഉത്തര കൊറിയ ഉറപ്പുനൽകിയത്. അതിനു പകരമായി യു.എസ് രണ്ട് ആണവ റിയാക്ടറുകൾ നൽകുകയും ചെയ്തു.
ബോംബ് നിർമിക്കാനല്ല, രാജ്യത്തിനാവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനു വേണ്ടി. കൂടാതെ വർഷംതോറും അഞ്ചുലക്ഷം ടൺ എണ്ണ നൽകാനും കരാറായി. പിന്നീട് ആവശ്യത്തിനു പോലും യു.എസ് എണ്ണ നൽകിയില്ലെന്ന പരാതിയുമായി ഉത്തര കൊറിയ രംഗത്തുവന്നു. വാഗ്ദാനം ചെയ്ത റിയാക്ടറുകളിലൊന്നിെൻറ പോലും നിർമാണം തുടങ്ങിയില്ലെന്നും ആരോപിച്ചു. 1998ൽ ഉത്തര കൊറിയ ജപ്പാനു നേരെ രണ്ട് റോക്കറ്റുകൾ തൊടുത്തതോടെ കാര്യങ്ങൾ മാറി. ഉത്തര കൊറിയ നിഗൂഢമായി യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നുവെന്ന് യു.എസ് കണ്ടെത്തിയതോടെ കരാർ പൂർണമായി തകർന്നു. ഉത്തര െകാറിയക്ക് എണ്ണ നൽകുന്നത് നിർത്തി. അതോടെ ഉത്തര കൊറിയ ആണവ റിയാക്ടറുകളുടെ നിർമാണം പുനരാരംഭിക്കുകയും ചെയ്തു.
യു.എസിെൻറ കടുത്ത നടപടിക്ക് ആണവായുധങ്ങൾ കൈവശം വെക്കുന്നത് തടയുന്ന കരാറിൽനിന്ന് പിൻവാങ്ങുമെന്നും ആണവ സാമഗ്രികൾ കൈവശമുണ്ടെന്നും ഉത്തര കൊറിയ ഭീഷണി മുഴക്കി. അതോടെ പരിഭ്രാന്തിയിലായ യു.എസും ദക്ഷിണ കൊറിയയും ജപ്പാനും വീണ്ടും അനുരഞ്ജനത്തിെൻറ പാതയിലെത്തി. ചൈനയും റഷ്യയും ഉത്തര കൊറിയയെ അനുനയിപ്പിക്കാൻ കൂടെയുണ്ടായിരുന്നു. മാസങ്ങൾ നീണ്ട അനുരഞ്ജന ശ്രമങ്ങൾക്കൊടുവിൽ 2005 സെപ്റ്റംബറിൽ സുരക്ഷ, സാമ്പത്തികം, ഉൗർജം എന്നീ ആവശ്യങ്ങൾക്കു മാത്രം ആണവപരീക്ഷണം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഉത്തര കൊറിയയുമായി അനധികൃത ബന്ധം പുലർത്തുന്ന മകാവു ബാങ്കുമായുള്ള ബന്ധം റദ്ദാക്കാൻ അമേരിക്കൻ ബാങ്കുകളോട് യു.എസ് ട്രഷറി ഡിപ്പാർട്മെൻറ് ആവശ്യപ്പെട്ടതോടെ കരാറിൽ വീണ്ടും ഉലച്ചിൽ തട്ടി.
2007ൽ ആണവനിരായുധീകരണ ചർച്ചകൾ പുനരാരംഭിക്കാമെന്ന് ഉത്തര കൊറിയ സമ്മതിച്ചു. ആണവപരീക്ഷണങ്ങൾ നിർത്തിവെക്കാൻ സമ്മതിക്കുന്നതിനു പകരം ഉത്തര കൊറിയക്ക് 40 കോടി ഡോളറിെൻറ സഹായ പാക്കേജ് പ്രഖ്യാപിച്ചു. യു.എസും നാലു രാഷ്ട്രങ്ങളുമായിരുന്നു ചർച്ച നടത്തിയത്. 2008ൽ യോങ്ബ്യോനിെല ആണവനിലയം നശിപ്പിച്ചെന്നു പ്രഖ്യാപിച്ച ഉത്തരെകാറിയ അതേവർഷംതന്നെ പ്ലൂേട്ടാണിയം ഉൽപാദനം പുനരാരംഭിക്കുകയാണെന്നും പ്രഖ്യാപിച്ചു. വാഷിങ്ടൺ ഉത്തര കൊറിയയെ തീവ്രവാദം സ്പോൺസർ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് നീക്കിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അത്.
തൊട്ടടുത്ത മാസംതന്നെ ബുഷ് ഭരണകൂടം ഉത്തര കൊറിയയെ പട്ടികയിൽനിന്ന് നീക്കി. ഉത്തര കൊറിയ ആണവ പദ്ധതികൾ മരവിപ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഉത്തര കൊറിയ നിയമലംഘനം നടത്തുന്നുണ്ടോ എന്നറിയാൻ ബുഷ് ഭരണകൂടം പരിശോധനക്ക് മുതിർന്നതോടെ ആ കരാറും തകർന്നു. അതോടെ എല്ലാ ചർച്ചയും അവസാനിച്ചു. ബറാക് ഒബാമ അധികാരമേറ്റെടുത്ത 2009 മേയിലാണ് ഉത്തര കൊറിയയുടെ രണ്ടാം ആണവ പരീക്ഷണം നടന്നത്.
2011ൽ പിതാവിെൻറ മരണശേഷം ഉത്തര കൊറിയയുടെ അധികാരം ഏറ്റെടുത്ത കിം ജോങ് ഉൻ യു.എസുമായുള്ള ചർച്ചകൾക്ക് പച്ചക്കൊടി കാട്ടി. 2012ൽ ആണവ പരീക്ഷണങ്ങളും മിസൈൽ വിക്ഷേപണവും യുറേനിയം സമ്പുഷ്ടീകരണവും നിർത്തിവെക്കുന്നതിെൻറ ഭാഗമായി ഉത്തര കൊറിയക്ക് യു.എസ് സാമ്പത്തിക -ഭക്ഷ്യ സഹായ പാക്കേജുകൾ പ്രഖ്യാപിച്ചു. ഒപ്പം അവരുടെ ആണവപ്രവൃത്തികൾ പരിശോധിക്കാനായി അന്താരാഷ്ട്ര നിരീക്ഷക സംഘത്തെ നിയോഗിക്കുമെന്നും അറിയിച്ചു. ആ വർഷം ഏപ്രിലിൽതന്നെ കരാർ റദ്ദായി. ഉപഗ്രഹ വിക്ഷേപണത്തിനായി ദീർഘദൂര മിസൈലുകൾ വിക്ഷേപിച്ചതായി ഉത്തര കൊറിയ അവകാശപ്പെട്ടതോടെയായിരുന്നു അത്. പരീക്ഷണം പരാജയമായിരുന്നുവെങ്കിലും ലോകം ഒന്നടങ്കം ഉത്തര കൊറിയക്കെതിരെ തിരിഞ്ഞു. ഡിസംബറിൽ വിജയകരമായി ഉപഗ്രഹം റോക്കറ്റ് വഴി ബഹിരാകാശത്തേക്കയച്ചതായി അവർ അറിയിച്ചു.
2017ൽ തുടരത്തുടരെ ആണവ മിസൈൽ പരീക്ഷണങ്ങൾ നടത്തിയതോടെ യു.എസും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം വഷളായി. യു.എസും യു.എന്നും ഉപരോധങ്ങൾ ചുമത്തിയിട്ടും ഉത്തര കൊറിയ മുട്ടുമടക്കിയില്ല. ഒടുവിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മുന്നിൽ ഉത്തര കൊറിയ പത്തിമടക്കിയെന്ന് സംസാരമുണ്ടെങ്കിലും ഇൗ കരാറിനും എത്രനാൾ ആയുസ്സുണ്ടാകും എന്നത് കണ്ടറിയേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.