ഡമസ്കസ്: കിഴക്കൻ ഗൂതയിലെ വിമത കേന്ദ്രമായ ഹരസ്തയിൽനിന്ന് വിമതർക്കും സിവിലിയന്മാർക്കും ഒഴിഞ്ഞുപോകാൻ ധാരണയായി. സിറിയൻ സർക്കാറിെൻറയും പട്ടണവാസികളുടെയും വിമതരുടെയും പ്രതിനിധികൾ ബുധനാഴ്ച നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. റഷ്യയുടെ പിന്തുണയോടെയാണ് ചർച്ച നടന്നത്.
ധാരണയിലെത്തിയതായി സർക്കാറും വിമതരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ബസുകളിൽ വ്യാഴാഴ്ച രാവിലെയോടെ ഒഴിപ്പിക്കൽ ആരംഭിച്ചിട്ടുണ്ട്. ഇവരെ വിമത നിയന്ത്രണത്തിലുള്ള സിറിയയുടെ വടക്കൻ പ്രവിശ്യയിലേക്കാണ് എത്തിക്കുക.
ഇത്തരത്തിൽ 1,500 വിമത സേനാംഗങ്ങളും ആറായിരത്തിലേറെ വരുന്ന കുടുംബാംഗങ്ങളെയുമാണ് ഇദ്ലിബ് പ്രവിശ്യയിലേക്ക് മാറ്റുന്നത്. ഹരസ്ത പട്ടണത്തിൽ അവശേഷിക്കുന്നവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിന് ഒരു കമ്മിറ്റി രൂപവത്കരിക്കാനും ധാരണയായിട്ടുണ്ട്. വിമത നിയന്ത്രണത്തിലുള്ള കിഴക്കൻ ഗൂതയിൽനിന്ന് ആദ്യമായാണ് സായുധ പോരാട്ടത്തിലേർപ്പെട്ടവർക്ക് ഒഴിഞ്ഞുപോകാൻ അവസരം നൽകുന്നത്. എന്നാൽ, വിമതരുടെ ഒഴിപ്പിക്കൽ പൂർണമായും നടപ്പിലാകുമോ എന്ന കാര്യത്തിൽ സംശയമുയർന്നിട്ടുണ്ട്.
ഒരു മാസത്തിലേറെയായി റഷ്യയും സിറിയൻ സർക്കാർ സേനയും ഗൂതയിൽ കനത്ത ആക്രമണമാണ് നടത്തുന്നത്. പ്രദേശത്തിെൻറ 80 ശതമാനവും ബശ്ശാറുൽ അസദിെൻറ സിറിയൻ സർക്കാർ സേന ഇതിനകം കീഴടക്കിയിരിക്കയാണ്. 1252 പേർ ഇതിനകം ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് സന്നദ്ധ സംഘടനയായ ‘വൈറ്റ് ഹെൽമെറ്റ്സി’െൻറ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.