ഇസ്ലാമാബാദ്: തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുന്നതിൽ സർക്കാറും സൈന്യവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വാർത്തയാക്കിയ പ്രമുഖ മാധ്യമപ്രവർത്തകർ സിറിൽ അൽമെയ്ദക്ക് പാകിസ്താൻ ഏർപ്പെടുത്തിയ യാത്രാവിലക്ക് ഒഴിവാക്കി. ഡോൺ പത്രത്തിലെ ലേഖകനായ സിറിൽ അൽമെയ്ദയെ യാത്രാ വിലക്ക് ഏർപ്പെടുത്തി എക്സിറ്റ് കൺട്രോൾ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പാകിസ്താൻ സർക്കാറും സൈനിക നേതൃത്വവും തമ്മിൽ തീവ്രവാദികൾക്കെതിരായി പോരാടുന്നതിനെ കുറിച്ച് അഭിപ്രായ വ്യത്യാസമുള്ളതായി സിറിൽ ഡോണിൽ റിപ്പോർട്ട് ചെയ്തതിന് പിറകെയാണ് യാത്രാ വിലക്കുണ്ടായത്.
സിറിൽ അൽമെദയുടെ പേര് യാത്രാ വിലക്കുള്ളവരുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതായി സർക്കാർ വിജ്ഞാപനത്തിലൂടെ അറിയിച്ചു. ‘‘മാധ്യമ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും പൂർണ പിന്തുണ ആവർത്തിച്ചുകൊണ്ട് രാജ്യ സുരക്ഷ സംബന്ധിച്ച് വാസ്തവ വിരുദ്ധവും കെട്ടിച്ചമച്ചതുമായ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകെൻറ പേര് എക്സിറ്റ് കൺട്രോൾ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയതായി അറിയിക്കുന്നു’’വെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു.
മാധ്യമപ്രവർത്തകന് യാത്രാ വിലക്ക് ഏർപ്പെടുത്തിയതിനെതിരെ ആൾ പാകിസ്താൻ ന്യൂസ്പേപ്പർ സൊസൈറ്റി, കൗൺസിൽ ഒാഫ് പാകിസ്താൻ ന്യൂസ് പേപ്പർ എഡിറ്റേഴ്സ് എന്നിവയിൽ നിന്നുള്ള മാധ്യമ പ്രതിനിധികൾ ആഭ്യന്തര മന്ത്രി നിസാർ അലി ഖാനുമായി ചർച്ച നടത്തിയിരുന്നു. ഇസ്ലാമാബാദിൽ നടന്ന ചർച്ചയെ തുടർന്നാണ് അനുകൂലമായ നടപടിയുണ്ടായിരിക്കുന്നത്.
ദേശ താൽപര്യങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ മാധ്യമങ്ങൾക്ക് പ്രധാന പങ്കുണ്ടെന്നും ശത്രു രാജ്യങ്ങൾക്കൾക്ക് മുമ്പിൽ മോശം പ്രതിഛായയുണ്ടാക്കുന്ന വാർത്തകളെ പ്രതിരോധിക്കുക എന്ന അജണ്ട ഉണ്ടാകണമെന്നും ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.