???? ?????

ഫിലിപ്പീൻസ് മാധ്യമപ്രവർത്തക മരിയ റെസ്സക്ക് തടവ് ശിക്ഷ

മനില: സൈബർ അപകീർത്തി കേസിൽ ഫിലിപ്പീൻസ് മാധ്യമപ്രവർത്തക മരിയ റെസ്സക്ക് തടവ് ശിക്ഷ. ലോകശ്രദ്ധ നേടിയ കേസിൽ ആറ് മാസം തടവാണ് മാധ്യമപ്രവർത്തകക്ക് വിധിച്ചത്. വ്യവസായി നൽകിയ അപകീർത്തി കേസിലാണ് ‘റാപ്ലർ’ എന്ന വെബ്സൈറ്റിന്‍റെ എക്സിക്യുട്ടീവ് എഡിറ്ററായ റെസ്സയെ കോടതി കുറ്റക്കാരിയെന്ന് വിധിച്ചത്.

 

റെസ്സക്കൊപ്പം റാപ്ലറിലെ റെയ്നാൾഡോ സാന്‍റോസ് ജൂനിയർ എന്ന മാധ്യമപ്രവർത്തകനെയും കോടതി ശിക്ഷിച്ചു. ഒരു ദിവസം മുതൽ ആറ് വർഷം വരെ തടവാണ് റെയ്നാൾഡോക്ക് വിധിച്ചത്. എന്നാൽ രണ്ടു പേർക്കും ജാമ്യത്തിന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.

തന്നെ അപകീർത്തിപ്പെടുത്തുംവിധം 2012ൽ വാർത്ത നൽകിയെന്നാരോപിച്ച് വ്യവസായി വിൽഫ്രെഡോ കെങ്ങ് 2017ലാണ് കേസ് നൽകിയത്. ഇംപീച്മെന്‍റിലൂടെ പുറത്താക്കപ്പെട്ട മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ വ്യവസായിയാണ് വിൽഫ്രെഡോ കെങ്. 2018ൽ പരാതി കോടതി തള്ളിയിരുന്നെങ്കിലും ഫിലിപ്പീൻസ് പ്രസിഡന്‍റ് റോഡിഗ്രോ ഡുട്ടെർട്ടെയുടെ സർക്കാർ മാധ്യമപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

സൈബർ ലിബെൽ എന്ന പ്രത്യേകം നിയമം ഉപയോഗിച്ചാണ് ഫിലീപ്പീൻ കോടതി റെസ്സക്കും സഹപ്രവർത്തകനും ശിക്ഷ വിധിച്ചത്. ഇത് ഫിലിപ്പീൻ മാധ്യമങ്ങൾക്കെല്ലാമുള്ള മുന്നറിയിപ്പാണ്. നിങ്ങൾ കരുതിയിരിക്കണം. നമ്മുടെ അവകാശങ്ങളെ സംരക്ഷിക്കണം. അവകാശങ്ങൾ നിങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ അവ നഷ്ടപ്പെട്ടേക്കും -ഇപ്പോൾ ജാമ്യത്തിലുള്ള റെസ്സ കോടതി വിധിക്കു ശേഷം പ്രതികരിച്ചു.

മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം
മരിയ റെസ്സയുടെ അറസ്റ്റ് ഫിലിപ്പീൻസിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രസിഡന്‍റ് റോഡിഗ്രോ ഡുട്ടെർട്ടെയുടെ ഭരണകൂടത്തിനു കീഴിൽ മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുണ്ടാകുന്ന കടന്നുകയറ്റമായാണ് മരിയ റെസ്സയും അറസ്റ്റും തുടർസംഭവ വികാസങ്ങളും വിലയിരുത്തപ്പെടുന്നത്. സ്വതന്ത്ര ഫിലീപ്പീൻ മാധ്യമങ്ങൾക്ക് മാത്രമല്ല, ഫിലിപ്പീൻസുകാർക്കെല്ലാം ഇന്ന് മോശം ദിനമാണെന്ന് വിധിക്കെതിരെ നാഷനൽ യൂനിയൻ ഓഫ് ജേർണലിസ്റ്റിസ് ഓഫ് ഫിലിപ്പീൻസ് പ്രസ്താവിച്ചു.

റാപ്ലറിനെതിരെ നിരവധി കേസുകൾ
എട്ടോളം കേസുകളാണ് മരിയ റെസ്സക്കെതിരെയും അവരുടെ മാധ്യമസ്ഥാപനമായ റെപ്ലക്കെതിരെയും പ്രസിഡന്‍റ് റോഡിഗ്രോ ഡുട്ടെർട്ടെയുടെ ഭരണകൂടം ഫയൽ ചെയ്തിരിക്കുന്നത്. മരിയ റെസ്സ നേരിടുന്ന ഈ കേസുകളിൽ ആദ്യത്തേതിന്‍റെ വിധിയാണ് തിങ്കളാഴ്ച ഫിലീപ്പീൻ കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
മയക്കുമരുന്ന് ഉപയോഗത്തിലൂടെ ആയിരക്കണക്കിന് പേർ മരിച്ചതായ സംഭവത്തിൽ വാർത്താ പരമ്പരകൾ പ്രസിദ്ധീകരിച്ചതോടെയാണ് ‘റാപ്ലർ’ ഡുട്ടെർട്ടെ ഭരണകൂടത്തിന്‍റെ കണ്ണിലെ കരടായത്. സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന പ്രസിഡന്‍റ് ഡുട്ടെർട്ടെ അനുകൂലെ നെറ്റ് വർക്കിനെയും മരിയ റെസ്സയുടെ മാധ്യമം തുറന്നുകാട്ടിയിരുന്നു.

2018ൽ ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തികളിലൊരാളായി ടൈംസ് മാസിക മരിയയെ തെരഞ്ഞെടുത്തിരുന്നു.

Tags:    
News Summary - Rappler editor Maria Ressa convicted-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.