ഡമസ്കസ്: സിറിയൻ തലസ്ഥാനമായ ഡമസ്കസിന് സമീപത്തെ വിമത നിയന്ത്രണത്തിലുള്ള കിഴക്കൻ ഗൂതയിൽ തിങ്കളാഴ്ച മുതൽ സർക്കാർ സേനയുടെ കനത്ത ആക്രമണം. ബശ്ശാർ അൽ അസദിെൻറ സേന നടത്തിയ ആക്രമണത്തിൽ കഴിഞ്ഞ ദിവസം മാത്രം 70പേർ കൊല്ലപ്പെട്ടതായി നിരീക്ഷകർ അറിയിച്ചു. റഷ്യൻ മധ്യസ്ഥതയിലെ വെടിനിർത്തലും യു.എൻ രക്ഷാസമിതി പ്രമേയവും ആക്രമണം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ട ശേഷമുള്ള ഏറ്റവും കടുത്ത ആക്രമണത്തിനാണ് കഴിഞ്ഞ ദിവസം പട്ടണം സാക്ഷ്യം വഹിച്ചത്. അതിനിടെ, കഴിഞ്ഞ ദിവസം ഗൂതയിൽ സഹായവുമായി എത്തിയ അന്താരാഷ്ട്ര സംഘത്തിന് ഭക്ഷണവും മരുന്നുകളും ജനങ്ങൾക്ക് വിതരണം ചെയ്യാനായിട്ടില്ല. കനത്ത ആക്രമണം മൂലം സന്നദ്ധപ്രവർത്തകർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
ആക്രമണങ്ങൾ സിവിലിയന്മാരെയും താമസകേന്ദ്രങ്ങളെയും ലക്ഷ്യമാക്കിയാണ് തുടരുന്നത്. റെഡ് ക്രോസിെൻറയും യു.എന്നിെൻറയും നേതൃത്വത്തിൽ 46 ട്രക്കുകളിലായി അന്താരാഷ്ട്ര സഹായ സംഘം കഴിഞ്ഞ ദിവസം സർക്കാർ നിയന്ത്രിത ചെക്പോയൻറിലൂടെ കടന്ന ശേഷമാണ് ആക്രമണം ശക്തമാക്കിയത്. കിഴക്കൻ ഗൂതയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്നത് തടയാനാണ് ഇൗ നടപടിയെന്നാണ് കരുതുന്നത്. 27,500േപർക്ക് ആവശ്യമായ ഭക്ഷണവും മരുന്നുകളുമാണ് ട്രക്കുകളിൽ നിറച്ചിരുന്നത്. ചില വസ്തുക്കൾ സിറിയൻ സേന പിടിച്ചെടുത്തതായും ആരോപണമുണ്ട്.
2013 മധ്യത്തോടെ വിമതരുടെ നിയന്ത്രണത്തിലായ ശേഷം സർക്കാർ ഉപരോധത്തിലാണ് ഗൂത പട്ടണം. ഇവിടെ നാലു ലക്ഷത്തിലേറെ ജനസംഖ്യയുണ്ട്. കിഴക്കൻ ഗൂതയുടെ മൂന്നിലൊന്ന് ഭാഗവും ബശ്ശാർ സേന പിടിച്ചെടുത്തതായി നേരത്തെ സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് യാഥാർഥ്യമല്ലെന്നാണ് യുദ്ധരംഗത്തു നിന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.