ഡമസ്കസ്: സിറിയയിൽ വർഷങ്ങളായി വിമതർ ഭരിക്കുന്ന കിഴക്കൻ ഗൂത സർക്കാർ സേനയുടെ നിയന്ത്രണത്തിലേക്ക്. മേഖലയിലെ ഒട്ടുമിക്ക പ്രദേശങ്ങളും പ്രസിഡൻറ് ബശ്ശാർ അൽഅസദിനെ അനുകൂലിക്കുന്ന സൈന്യം പിടിച്ചതോടെ സിവിലിയന്മാരുടെ പലായനം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ മാസാവസാനം നഗരം പിടിക്കാൻ സൈനികനീക്കം ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ ഒഴിഞ്ഞുപോക്കാണിത്. സിറിയൻ സേന ആക്രമണം ശക്തമാക്കിയ ഹമൂരിയയിൽനിന്ന് സൈനിക നിയന്ത്രണത്തിലുള്ള മേഖലകളിലേക്കാണ് പലായനം.
ഗൂതയുടെ വിവിധ ഭാഗങ്ങളിൽ മൂന്നു ലക്ഷത്തോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമം വൻദുരിതം വിതച്ച മേഖലയിൽ 25 ലോറികളിലായി വ്യാഴാഴ്ച ഭക്ഷ്യവസ്തുക്കൾ എത്തിച്ചിട്ടുണ്ട്. ‘ജയ്ശുൽ ഇസ്ലാം’ എന്ന വിമത സംഘം നിയന്ത്രിക്കുന്ന മേഖലയിലാണ് ഭക്ഷ്യവസ്തുക്കൾ എത്തിച്ചത്. ഗൂതയിൽ ഇതുവരെയായി 1540 പേർ കൊല്ലപ്പെട്ടതിൽ ഏറെയും സിവിലിയന്മാരാണ്.
സിറിയയിൽ 2011 മാർച്ച് 15ന് പ്രസിഡൻറിനെതിരെ സമാധാനപരമായി ആരംഭിച്ച പ്രക്ഷോഭം എട്ടാം വർഷത്തിലേക്ക് കടന്നതിനിടെയാണ് ഗൂത കൂടി നിയന്ത്രണത്തിലാക്കി ബശ്ശാർ കൂടുതൽ കരുത്തനാകുന്നതിെൻറ സൂചനകൾ പുറത്തുവരുന്നത്. 1.10 കോടി പേർ ഇതുവരെ പലായനം ചെയ്ത രാജ്യത്ത് ഇത്രയും വർഷങ്ങൾക്കിടെ മൂന്നര ലക്ഷത്തിലേറെ പേർ മരിച്ചിട്ടുണ്ട്.
ആദ്യ വർഷങ്ങളിൽ കനത്ത പരാജയം നേരിട്ട അസദ് 2015ൽ റഷ്യൻ സേന സഹായത്തിനെത്തിയതോടെയാണ് കൈവിട്ട പ്രദേശങ്ങളിലേറെയും തിരിച്ചുപിടിച്ചത്. ആദ്യം െഎ.എസിനെയും പിന്നീട് മറ്റു വിമത ഗ്രൂപ്പുകളെയും നിർവീര്യമാക്കി രാജ്യത്ത് അധികാരമുറപ്പിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ബശ്ശാർ അൽഅസദ്. റഷ്യയുടെ വ്യോമശേഷിക്കു പുറമെ ഇറാെൻറ കരസേനയും സഹായത്തിനുള്ളതാണ് മുന്നേറ്റം എളുപ്പമാക്കുന്നത്. മറുവശത്ത്, നേരിട്ടുള്ള ഇടപെടൽ മാറ്റിവെച്ച് ആയുധം നൽകുന്ന രീതിയാണ് യു.എസ് സ്വീകരിക്കുന്നത്. ഇത്ഇനിയും വേണ്ടത്ര ഫലംചെയ്തിട്ടുമില്ല.
കിഴക്കൻ ഗൂത പിടിക്കുന്നതോടെ രാജ്യത്ത് വിമതശബ്ദം തീരെ ദുർബലമാകുമെങ്കിലും തലസ്ഥാന നഗരമുൾപ്പെടെ തകർന്നു നാമാവശേഷമായി കിടക്കുകയാണ്. രാജ്യത്തിെൻറ പുനർനിർമാണ പ്രക്രിയ തുടങ്ങാൻ 10,000 കോടി (ആറര ലക്ഷം കോടി രൂപ) ഡോളർ ചുരുങ്ങിയത് വേണമെന്നാണ് കണക്ക്. ഇറാൻ അനുകൂല വിഭാഗത്തിന് നിയന്ത്രണമുള്ളതിനാൽ സഹായിക്കാൻ പല രാഷ്ട്രങ്ങളും രംഗത്തുവരാത്തതും തടസ്സമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.