കാബൂൾ: അമേരിക്കയുടെ നിർദേശമനുസരിച്ച് ചർച്ചക്കായി അഫ്ഗാൻ സർക്കാർ രൂപവത്കരിച്ച സംഘവുമായി സംസാരിക്കാൻ താലി ബാൻ തയാറായില്ല. അഫ്ഗാൻ മുൻ സുരക്ഷാ മേധാവി മസൂമിന്റെ നേതൃത്വത്തിലുള്ള 21 അംഗ ചർച്ചാ സംഘത്തിൽ രാഷ്ട്രീയക്കാ ർ, മുൻ ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണുള്ളത്. അഞ്ച് അംഗങ്ങൾ വനിതകളാണ്.
2001ൽ അമേരിക്കയുടെ ഇടപെടലിനെ തുടർന്നാണ് താലിബാന് അധികാരം നഷ്ടപ്പെട്ടത്. അതിന് ശേഷം അമേരിക്കയുടെ ആശിർവാദ ത്തോടെ അഫ്ഗാനിൽ അധികാരമേറ്റ സർക്കാറിന് രാജ്യത്തിനുമേൽ പൂർണ നിയന്ത്രണം അനുവദിക്കാത്ത വിധമായിരുന്നു പിന്നീട് താലിബാന്റെ ഇടപെടലുകൾ. വെടിയൊച്ചകൾ നിരന്തരം മുഴങ്ങിക്കൊണ്ടിരുന്ന അഫ്ഗാൻ അമേരിക്കൻ സൈന്യത്തിനും ഒരു തലവേദനയായിരുന്നു.
അഫ്ഗാനിൽ നിന്നും അമേരിക്കൻ സൈന്യം ഭാഗികമായി പിൻവാങ്ങുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയും താലിബാനും സമാധാന കരാറിൽ ഒപ്പുവെച്ചത്. ഇൗ കരാർ അഫ്ഗാനിലെ വെടിയൊച്ചകളെ അവസാനിപ്പിക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ, ജയിലുകളിൽ കഴിയുന്ന താലിബാനികളെ വിട്ടയക്കണമെന്ന ധാരണ പാലിക്കാൻ അഫ്ഗാൻ സർക്കാർ ഒരുക്കമല്ല എന്ന് പ്രഖ്യാപിച്ചതോടെ സമാധാന പ്രതീക്ഷകളുടെ മേൽ വെടിപൊട്ടി.
വെടിനിർത്തൽ ധാരണയിൽ നിന്ന് പിൻമാറിയ താലിബാൻ ആക്രമണങ്ങൾ തുടങ്ങി. വിദേശ സൈന്യത്തെ ആക്രമിക്കില്ലെന്നും എന്നാൽ, അഫ്ഗാൻ സുരക്ഷാ സേനയുമായുള്ള പോരാട്ടം തുടരുമെന്നുമായിരുന്നു താലിബാന്റെ നിലപാട്. അഫ്ഗാൻ സർക്കാറും താലിബാനുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനാണ് പുതിയ ചർച്ചാസംഘത്തെ നിയോഗിച്ചത്. അവരുമായുള്ള ചർച്ചക്ക് തയാറാകാതെ മാറിനിൽക്കുകയാണ് താലിബാനിപ്പോൾ.
അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഗനിയുടെ രാഷ്ട്രീയ എതിരാളി അബ്ദുല്ല അബ്ദുല്ലയുടെ നിലപാടും നിർണായകമാണ്. താലിബാനുമായുള്ള ചർച്ചാ നീക്കത്തെ പിന്തുണക്കുന്നുണ്ടെങ്കിലും സംഘത്തിൽ അഷ്റഫ് ഗനിയെ അംഗീകരിക്കുന്നവർക്കാണ് ആധിപത്യം എന്ന ആക്ഷേപം അദ്ദേഹത്തിനുണ്ട്. സംഘത്തെ ഇനിയും വിപുലീകരിക്കണമെന്ന നിർദേശമാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്.
ചർച്ചക്ക് തയാറാകാത്ത താലിബാന്റെ നിലപാട് ഒട്ടും സാധൂകരിക്കാവുന്നതല്ലെന്ന് അഫ്ഗാൻ സർക്കാറിലെ സമാധാന കാര്യ വകുപ്പിന്റെ വക്താവ് നാജിയ അൻവരി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.