അന്താരാഷ്ട്ര സമൂഹം ഫലസ്തീനൊപ്പം

വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയില്‍ പാസായ ഇസ്രായേല്‍ വിരുദ്ധ പ്രമേയം വളരെ സുപ്രധാനമായ ഒന്നാണ്. യു.എന്നിന്‍െറ വ്യത്യസ്ത ഘടകങ്ങള്‍ പലപ്പോഴായി ഇസ്രായേലിന്‍െറ അനധികൃത കുടിയേറ്റത്തെ എതിര്‍ക്കുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷാസമിതിയും ജനറല്‍ അസംബ്ളിയും അന്താരാഷ്ട്ര നീതിന്യായ കോടതിയും യുനെസ്കോയും ഇത്തരത്തില്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ പ്രമേയത്തെക്കാള്‍ ശക്തമായ രീതിയില്‍ അനധികൃത കുടിയേറ്റത്തെ എതിര്‍ക്കുകയും കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് മുന്‍കാലങ്ങളിലെ പല യു.എന്‍ ഇടപെടലുകളും എന്നതും കാണേണ്ടതുണ്ട്. 196ലധികം അനധികൃത നിര്‍മാണങ്ങള്‍ ഫലസ്തീന്‍ ഭൂമിയില്‍ ഇപ്പോള്‍ തന്നെ അന്താരാഷ്ട്ര നിയമങ്ങളെയും നാലാം ജനീവ കണ്‍വെന്‍ഷന്‍ തീരുമാനങ്ങളെയും ലംഘിച്ച് നടത്തുന്നുണ്ട്.
എങ്കിലും ഡിസംബര്‍ 23ലെ രക്ഷാസമിതി പ്രമേയം പലകാരണങ്ങളാല്‍ പ്രാധാന്യമുള്ളതു തന്നെയാണ്. ഒന്നാമത്തെ പ്രത്യേകത അമേരിക്ക പ്രമേയത്തെ വീറ്റോ ചെയ്യാന്‍ ശ്രമിക്കുകയോ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല എന്നതാണ്.  രണ്ടാമതായി പ്രസിഡന്‍റ് ഒബാമ സ്ഥാനത്തിരുന്ന എട്ടു വര്‍ഷത്തിനിടെ ആദ്യമായാണ് സുരക്ഷാസമിതി ഇസ്രായേലിനെ അപലപിച്ച് പ്രമേയം പാസാക്കുന്നത് എന്നതുമാണ്. അവസാനമായി, ഇസ്രായേലിന്‍െറ അസാധാരണ സമ്മര്‍ദങ്ങള്‍ക്കിടയിലാണ് പ്രമേയം പാസായത് എന്നതും പ്രധാനമാണ്. നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ ഇടപെടല്‍ വരെ ഇക്കാര്യത്തില്‍ ഉണ്ടായെന്നതും ഈജിപ്തിനെ അവസാനം പ്രമേയമവതരിപ്പിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കഴിഞ്ഞതും ഇക്കാരണത്താലായിരുന്നു.
പ്രായോഗിക നടപടികളെടുക്കാന്‍ ഒരു സംവിധാനവും ഇല്ലാത്തതിനാല്‍ മറ്റെല്ലാ യു.എന്‍ പ്രമേയങ്ങളെയുംപോലെ ഇതും പ്രതീകാത്മകമായി അവശേഷിക്കും. ഇസ്രായേല്‍ യു.എന്‍ പ്രമേയത്തെ അനാദരിക്കും എന്നു മാത്രമല്ല, അവര്‍ കുടിയേറ്റം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലുമാണ്. സഭയില്‍ വോട്ടിനായുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെയാണ് 300 അനധികൃത കുടിയേറ്റ ഭവനങ്ങള്‍ക്ക്  ജറൂസലം മുനിസിപ്പാലിറ്റി അനുമതി നല്‍കിയത്.
ഇതോടൊപ്പം തന്നെ സുപ്രധാനമായൊരു വസ്തുതയുണ്ട്. അമേരിക്കയുടെ പിന്തുണയില്ളെങ്കില്‍ ഇസ്രായേല്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടും എന്നതാണത്. പ്രമേയത്തിന്‍െറ വോട്ടിങ് നില ഇത് വ്യക്തമാക്കുന്നുണ്ട്. സുരക്ഷാസമിതിയിലെ 14 അംഗരാജ്യങ്ങളും ഇസ്രായേല്‍ വിരുദ്ധ നിലപാട് പരസ്യമായി സ്വീകരിക്കുകയും ഫലസ്തീനെ പിന്തുണക്കുകയും ചെയ്തു. അമേരിക്ക മാത്രം വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഇതേക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചാല്‍ നമുക്കൊരു കാര്യം മനസ്സിലാകും.
 ഫലസ്തീന്‍ പ്രശ്നത്തില്‍ അമേരിക്കയുടെയും ഇസ്രായേലിന്‍െറയും പക്ഷത്തേക്ക് ലോകരാജ്യങ്ങളെ കൊണ്ടു വരാന്‍ ഇക്കാലമത്രയും നടന്ന ശ്രമങ്ങള്‍ പരാജയപ്പെട്ടു എന്നതാണത്. ഇത് പ്രതീക്ഷയുടെ ഒരു സൂചനയാണ്. 2016ലെ നിരവധി നഷ്ടങ്ങള്‍ക്കിടയിലും ഫലസ്തീനികള്‍ക്ക് പ്രതീക്ഷ നഷ്പ്പെടാനായിട്ടില്ല എന്നതിന്‍െറ സൂചന.
വരാനിരിക്കുന്ന വര്‍ഷത്തില്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് ഒരു ദയാവായ്പും പ്രതീക്ഷിക്കാനില്ല. കാരണം, ഡോണള്‍ഡ് ട്രംപിനു കീഴില്‍ യു.എസ് ഭരണകൂടം കൂടുതല്‍ ഇസ്രായേല്‍ അനുകൂലമായിത്തീരും.
അനധികൃത കുടിയേറ്റങ്ങളെ പിന്തുണക്കുന്ന ഡേവിഡ് ഫ്രെഡ്മാനെ ഇസ്രായേലിലേക്കുള്ള പുതിയ അംബാസഡറായി നിയമിക്കാനുള്ള തീരുമാനം ഇതിന്‍െറ സൂചനയാണ്.
അന്താരാഷ്ട്ര നിയമങ്ങളെയും അമേരിക്കയുടെതന്നെ നിലവിലെ വിദേശനയത്തെയും ഫ്രെഡ്മാന്‍ പരിഗണിക്കുമെന്നു കരുതേണ്ടതില്ല. ഇതിനിടയിലും ഫലസ്തീന് പ്രതീക്ഷ നല്‍കുന്ന ഒന്നാണ് പ്രമേയത്തിന് ലഭിച്ച പിന്തുണ എന്നാണ് പറഞ്ഞുവരുന്നത്. അന്താരാഷ്ട്ര സമൂഹം ഫലസ്തീനൊപ്പമാണ് എന്നതില്‍ സംശയമില്ല.
അമേരിക്കയില്‍നിന്ന് സമാധാനത്തെക്കുറിച്ചുള്ള വായ്ത്താരികള്‍പോലും ഇനിയുള്ള കാലത്ത് പ്രതീക്ഷിക്കേണ്ടതില്ളെന്നു മനസ്സിലാക്കി അന്താരാഷ്ട്ര സമൂഹത്തിന്‍െറ പിന്തുണ നിലനിര്‍ത്താനാണ് ഫലസ്തീന്‍ നേതൃത്വത്തിന് വരുംവര്‍ഷത്തില്‍ സാധ്യമാകേണ്ടത്.

Tags:    
News Summary - un resolution on israel settlement: International community supports palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.