ഡമസ്കസ്: തെക്കുപടിഞ്ഞാറൻ സിറിയയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ. യു.എസ്, റഷ്യ, േജാർഡൻ രാജ്യങ്ങളുടെ ധാരണപ്രകാരമാണ് ഞായറാഴ്ച ഉച്ച മുതൽ ദരായ, സുവൈദ, ഖുനിത്ര എന്നീ പ്രവിശ്യകളിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.
ഉച്ച മുതൽ വ്യോമാക്രമണങ്ങളോ വെടിവെപ്പോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മനുഷ്യാവകാശ നിരീക്ഷക സംഘങ്ങൾ അറിയിച്ചു. 2011ൽ തുടങ്ങിയ രാജ്യത്തെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യംവെച്ച് നേരത്തേ കൊണ്ടുവന്ന വെടിനിർത്തൽ കരാറുകളെല്ലാം ലംഘിക്കപ്പെടുകയായിരുന്നു.
കരാർ എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കുമെന്ന് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് എച്ച്.ആർ. മക്മാസ്റ്റർ അറിയിച്ചിരുന്നു. ഇൗ മൂന്നു പ്രവിശ്യകളിൽ ആക്രമണം നിർത്തിവെക്കുമെന്ന് സിറിയൻ സൈന്യവും വ്യക്തമാക്കി.
നേരത്തേ തുർക്കിയുടെയും റഷ്യയുടെയും മധ്യസ്ഥതയിൽ വിമതകേന്ദ്രങ്ങളിൽ വെടിനിർത്തൽ നടപ്പാക്കിയിരുന്നു. ജർമനിയിലെ ഹാംബർഗിൽ ജി20 ഉച്ചകോടിക്കെത്തിയ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനും തമ്മിൽ നടന്ന ചർച്ചയുടെ തുടർച്ചയായാണ് തീരുമാനം. സിറിയയിൽ ആറു വർഷമായി തുടരുന്ന യുദ്ധത്തിൽ വഴിത്തിരിവാകുന്നതാണ് പുതിയ തീരുമാനം.
ജോർഡൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളും കരാറിെൻറ ഭാഗമായിരിക്കും. ഇരു രാജ്യങ്ങളും സിറിയയുമായി അതിർത്തി പങ്കിടുന്നതു പരിഗണിച്ചാണ് കരാറിൽ കക്ഷിയാകുന്നതെന്ന് യു.എസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
സിറിയയിൽ ആക്രമണരഹിത മേഖല സൃഷ്ടിക്കാൻ അടുത്തിടെ റഷ്യ, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ഇൗ തീരുമാനത്തിൽ ഇറാൻ പങ്കാളിയായതിെന തുടർന്ന് യു.എസ് പിന്മാറിയിരുന്നു. ഇതിനു ബദലായാണ് പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.