മൂസിലില്‍ നിന്ന് ഐ.എസ് സിറിയയിലേക്ക്

ഇറാഖ് സൈന്യം മൂസില്‍ പിടിച്ചെടുക്കുന്നതോടെ രക്ഷപ്പെടുന്ന ആയിരക്കണക്കിന് ഐ.എസ് ഭീകരരെ തുരത്താന്‍ സിറിയന്‍ സൈന്യം ഹിസ്ബുല്ല, ഇറാന്‍ അണികളുടെ പിന്തുണയോടെ പോരാട്ടത്തിന് തയാറെടുക്കുകയാണ്. മൂസിലിലെ പതനം ആസന്നമായ സാഹചര്യത്തില്‍ സിറിയയിലെ റഖായിലേക്ക് കടക്കാനാവും ഐ.എസ് പദ്ധതിയിടുക. മൂസിലിലെ ഐ.എസിന്‍െറ പതനം അമേരിക്കയും പാശ്ചാത്യ മാധ്യമങ്ങളും ആഴ്ചകള്‍ക്കുമുമ്പേ പ്രവചിച്ചതാണ്. മൂസിലില്‍നിന്ന് സിറിയന്‍ മേഖലകളിലേക്കാവും ഐ.എസിന്‍െറ കൂടുമാറ്റം എന്നതുറപ്പായാല്‍ ബശ്ശാറിനെ എതിര്‍ക്കുന്ന യു.എസിന് സന്തോഷം നല്‍കുന്ന സംഭവമാകുമത്.  

അടുത്തിടെ, ഹസാഖയില്‍ ഐ.എസിനെതിരെ വ്യോമാക്രമണം നടത്തിയപ്പോള്‍ തദ്ദേശവാസികള്‍ക്ക് കുടിവെള്ളവും വൈദ്യുതിയുമുള്‍പ്പെടെ വിച്ഛേദിക്കപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ സിറിയന്‍ സൈന്യത്തെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്. മൂസിലിനുശേഷം ബാക്കി വരുന്ന ഐ.എസ് ഭീകരര്‍ ബശ്ശാര്‍ സര്‍ക്കാറിനും അണികള്‍ക്കുമെതിരെ തിരിയാനാണ് സാധ്യത. ഇറാഖിലെ ഫല്ലൂജ സൈന്യം തിരിച്ചുപിടിച്ചപ്പോഴും ഐ.എസ് ഓടിരക്ഷപ്പെട്ടത് സിറിയയിലേക്കായിരുന്നു എന്നതും മറന്നുകൂടാ.

അഞ്ചു വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തില്‍ ബശ്ശാര്‍സൈന്യത്തില്‍ വലിയതോതില്‍ ആളപായം സംഭവിച്ചു. ദൈറുസ്സൂറില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ 60 പേരെങ്കിലും മരിച്ചു. അബദ്ധവശാല്‍ സംഭിച്ച ആക്രമണമെന്നു പറഞ്ഞ് അമേരിക്ക തടിയൂരുകയും ചെയ്തു. സിറിയയിലും ഇറാഖിലും 5000ത്തോളം യു.എസ് സേനയുണ്ട്.

ഇറാഖിലെ മൂസില്‍ മാത്രമല്ല, സിറിയയിലെ റഖായും തങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് പുതുതായി ചുമതലയേറ്റ യു.എസ് കമാന്‍ഡര്‍ ടൗണ്‍സെന്‍ഡ് പ്രസ്താവിക്കുകയുണ്ടായി. റഖായില്‍ ഐ.എസിനെതിരെ സിറിയന്‍ സൈന്യം പോരാട്ടം തുടരുകയാണ്. ബശ്ശാര്‍ സൈന്യത്തിനു പിന്തുണയുമായി റഷ്യയുമുണ്ട്. സിറിയയില്‍ ഐ.എസിനും നുസ്റ ഫ്രണ്ടിനുമെതിരെ പടനയിക്കാന്‍ ആയിരക്കണക്കിന് പോരാളികളെയാണ് ഹിസ്ബുല്ല നേതാവ് അയച്ചത്. ഈ നുസ്റ ഫ്രണ്ടിനെ പലപ്പോഴും വിമതരെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. എന്തു വിലകൊടുത്തും മൂസിലില്‍ ഐ.എസിന്‍െറ പതനത്തിനുമുമ്പ് കിഴക്കന്‍ അലപ്പോ പിടിച്ചെടുക്കാന്‍ സിറിയന്‍ സൈന്യത്തിന് കഴിയുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

കടപ്പാട്: ഇന്‍ഡിപെന്‍ഡന്‍റ്

Tags:    
News Summary - When Mosul falls, Isis will flee to the safety of Syria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.