യാംഗോൻ: മ്യാൻമറിൽ തടവിൽ കഴിയുന്ന നേതാവ് ഓങ് സാൻ സൂചി ഗുരുതരമായ രോഗങ്ങൾമൂലം വലയുന്നതായി റിപ്പോർട്ട്. വിദഗ്ധ ചികിത്സക്ക് അഭ്യർഥിച്ചെങ്കിലും അധികൃതർ വഴങ്ങിയിട്ടില്ലെന്ന് ആരോപണമുണ്ട്. നിലവിൽ ജയിൽ ഡോക്ടറുടെ ചികിത്സ മാത്രമാണ് അവർക്ക് ലഭ്യമാക്കിയിട്ടുള്ളത്.
ആഗോള സമൂഹം പട്ടാള ഭരണകൂടത്തിൽ സമ്മർദം ചെലുത്തി അവർക്കും തടവിലുള്ള മറ്റു രാഷ്ട്രീയ നേതാക്കൾക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് നാഷനൽ യൂനിറ്റി സർക്കാർ വക്താവ് ക്യോ സോ അഭ്യർഥിച്ചു. സൂചിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിച്ചാണ് 2021 ഫെബ്രുവരിയിൽ പട്ടാളം അധികാരം പിടിച്ചെടുത്തത്. അന്നു മുതൽ സൂചി നായ്പായ് താവിലെ വീട്ടുതടങ്കലിലാണ്.
കോവിഡ് സുരക്ഷ ലംഘനം, വാക്കിടോക്കി ഇറക്കുമതി, പൊതുസുരക്ഷ നിയമലംഘനം, രഹസ്യ നിയമ ലംഘനം, തെരഞ്ഞെടുപ്പ് ക്രമക്കേട്, രാജ്യദ്രോഹം, അഴിമതി, കൈക്കൂലി അടക്കം പട്ടാള ഭരണകൂടം ചുമത്തിയ കേസുകളിലാണ് സൂചിക്ക് കോടതി ദീർഘകാല തടവുശിക്ഷ വിധിച്ചത്. അതേസമയം, ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പിൽനിന്ന് സൂചിയെ തടയുകയാണ് ലക്ഷ്യമെന്നും അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു. സൂചിയെ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതി പട്ടാള ഭരണകൂടത്തോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.