ഭരണഘടന പരിഷ്കരണ കമീഷൻ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാർ

ധാക്ക: രാജ്യത്തിന്‍റെ ഭരണഘടന അവലോകനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനും ആവശ്യമായ പരിഷ്കാരങ്ങൾ ശുപാർശ ചെയ്യുന്നതിനുമായി ഒമ്പതംഗ കമീഷനെ രൂപീകരിക്കുമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ പ്രഖ്യാപിച്ചു.

ജനങ്ങളെ ശാക്തീകരിക്കുന്നതിനൊപ്പം പ്രാതിനിധ്യവും ഫലപ്രദവുമായ ജനാധിപത്യം സ്ഥാപിക്കുന്നതിനായി നിലവിലുള്ള ഭരണഘടന അവലോകനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമാണ് കമീഷൻ രൂപീകരിച്ചത്. എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് ഭരണഘടനാ പരിഷ്‌കരണത്തിനുള്ള ശുപാർശകളിൽ റിപ്പോർട്ട് തയ്യാറാക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രമുഖ ബംഗ്ലാദേശി-അമേരിക്കൻ പ്രൊഫസർ അലി റിയാസിന്‍റെ നേതൃത്വത്തിലെ ഭരണഘടനാ പരിഷ്കരണ കമീഷൻ 90 ദിവസത്തിനുള്ളിൽ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് സർക്കാർ വാർത്താ ഏജൻസി ബി.എസ്.എസ് റിപ്പോർട്ട് ചെയ്തു. ഇടക്കാല സർക്കാറിന്റെ മുഖ്യ ഉപദേശകൻ മുഹമ്മദ് യൂനസിന്‍റെ സ്‌പെഷ്യൽ അസിസ്റ്റന്‍റ് കൂടിയായ വിദ്യാർഥി പ്രതിനിധി മഹ്ഫൂസ് ആലം ​​കമീഷനിൽ അംഗമാണ്.

ധാക്ക സർവകലാശാല നിയമവകുപ്പിലെ പ്രൊഫസർമാരായ സുമയ്യ ഖൈർ, മുഹമ്മദ് ഇക്രാമുൽ ഹഖ്, ബാരിസ്റ്റർ ഇമ്രാൻ സിദ്ദിഖ്, സുപ്രീംകോടതി അഭിഭാഷകൻ ഡോ. ഷെരീഫ് ഭൂയാൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. ബാരിസ്റ്റർ എം. മോയിൻ ആലം ഫിറോസി, എഴുത്തുകാരൻ ഫിറോസ് അഹമ്മദ്, എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ എം.ഡി മുസ്തൈൻ ബില്ല എന്നിവരും കമീഷന്‍റെ ഭാഗമാണ്.

ജുഡീഷ്യറി, തെരഞ്ഞെടുപ്പ് സംവിധാനം, ഭരണം, പൊലീസ്, അഴിമതി വിരുദ്ധ കമീഷൻ, ഭരണഘടന എന്നിവ പരിഷ്കരിക്കുന്നതിനായി ആറ് കമീഷനുകൾ രൂപീകരിക്കുമെന്ന് യൂനുസ് കഴിഞ്ഞ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.

വിവാദമായ തൊഴിൽ ക്വാട്ട സമ്പ്രദായത്തിൽ സർക്കാറിനെതിരായ വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് പലായനം ചെയ്തതിനെ തുടർന്നാണ് ആഗസ്റ്റ് എട്ടിന് ഇടക്കാല സർക്കാറിന്‍റെ തലവനായി യൂനുസ് സത്യപ്രതിജ്ഞ ചെയ്തത്.

Tags:    
News Summary - Bangladesh interim government announces 9-member constitution reform commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.