ധാക്ക: രാജ്യത്തിന്റെ ഭരണഘടന അവലോകനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനും ആവശ്യമായ പരിഷ്കാരങ്ങൾ ശിപാർശ ചെയ്യുന്നതിനായി ഒമ്പതംഗ കമീഷനെ രൂപവത്കരിക്കുമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ പ്രഖ്യാപിച്ചു. പ്രമുഖ ബംഗ്ലാദേശി-അമേരിക്കൻ പ്രഫസർ അലി റിയാസിന്റെ നേതൃത്വത്തിലുള്ള പരിഷ്കരണ കമീഷൻ 90 ദിവസത്തിനുള്ളിൽ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും.
ഇടക്കാല സർക്കാറിന്റെ മുഖ്യ ഉപദേശകൻ മുഹമ്മദ് യൂനുസിന്റെ സ്പെഷൽ അസിസ്റ്റന്റ് കൂടിയായ വിദ്യാർഥി പ്രതിനിധി മഹ്ഫൂസ് ആലം കമീഷനിൽ അംഗമാണ്. ധാക്ക സർവകലാശാല നിയമവകുപ്പ് പ്രഫസർമാരായ സുമയ്യ ഖൈർ, മുഹമ്മദ് ഇക്രാമുൽ ഹഖ്, ബാരിസ്റ്റർ ഇമ്രാൻ സിദ്ദിഖ്, സുപ്രീംകോടതി അഭിഭാഷകൻ ഡോ. ഷെരീഫ് ഭൂയാൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. ബാരിസ്റ്റർ എം. മോയിൻ ആലം ഫിറോസി, എഴുത്തുകാരൻ ഫിറോസ് അഹമ്മദ്, എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ എം.ഡി. മുസ്തൈൻ ബില്ല എന്നിവരും കമീഷന്റെ ഭാഗമാണ്.
ജുഡീഷ്യറി, തെരഞ്ഞെടുപ്പ് സംവിധാനം, ഭരണം, പൊലീസ്, അഴിമതി വിരുദ്ധ കമീഷൻ, ഭരണഘടന എന്നിവ പരിഷ്കരിക്കുന്നതിനായി ആറ് കമീഷനുകൾ രൂപവത്കരിക്കുമെന്ന് യൂനുസ് കഴിഞ്ഞ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. വിവാദമായ തൊഴിൽ ക്വോട്ട സമ്പ്രദായത്തിൽ സർക്കാറിനെതിരായ വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് പലായനം ചെയ്തതിനെതുടർന്നാണ് ആഗസ്റ്റ് എട്ടിന് ഇടക്കാല സർക്കാറിന്റെ തലവനായി യൂനുസ് സത്യപ്രതിജ്ഞ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.