ശൈഖ് ഹസീന 

ശൈഖ് ഹസീനയെ നാടുകടത്തിയ തൊഴിൽ സംവരണം; വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നിലെന്ത്?

ധാക്ക: രാജ്യ ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രക്ഷോഭത്തിനാണ് കഴിഞ്ഞ ഏതാനും മാസങ്ങൾ ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചത്. ഭരണവിരുദ്ധ വികാരം നിലനിൽക്കേ വിവാദ സംവണ ഉത്തരവ് കൂടി വന്നതോടെ യുവാക്കൾ സർക്കാറിനെതിരെ തിരിഞ്ഞു. ഒടുവിൽ ഒന്നര പതിറ്റാണ്ട് അധികാരം കൈയടക്കി വാണ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് കസേരയൊഴിയേണ്ടിവന്നു. ഭരണകൂടത്തിന്‍റെ അടിച്ചമർത്തലുകളെ പ്രക്ഷോഭകാരികൾ അതിജീവിച്ച തിങ്കളാഴ്്ച, രാജിവെച്ചതിനൊപ്പം രാജ്യത്തുനിന്നു പലായനം ചെയ്യുന്ന ഹസീനയെയാണ് ലോകം കണ്ടത്.

2009 ജനുവരി ആറിന് രണ്ടാം തവണ പ്രധാനമന്ത്രി പദത്തിലെത്തിയ ശൈഖ് ഹസീന, രാജ്യത്തിന്‍റെ സർവാധികാരിയായി മാറുന്ന കാഴ്ചക്കാണ് പിന്നീടുള്ള വർഷങ്ങളിൽ ബംഗ്ലാദേശ് സാക്ഷ്യംവഹിച്ചത്. പ്രതിപക്ഷ കക്ഷികളെ പൂർണമായും നിശ്ശബ്ദരാക്കി. അവകാശ നിഷേധങ്ങൾ സകല പരിധിയും ലംഘിച്ചതോടെയാണ് രാജ്യത്തെ യുവാക്കൾ പ്രക്ഷോഭത്തിനിറങ്ങിയത്. പ്രതിഷേധക്കാരുമായി സമാധാന ചർച്ചക്ക് തയാറാണെന്ന് പറഞ്ഞപ്പോഴും അവരിൽ പലരും ജീവനറ്റു വീണു. 76കാരിയായ ഹസീനയുടെ രാഷ്ട്രീയഭാവിയിൽ നിർണായകമായിരുന്നു പ്രക്ഷോഭത്തിന്‍റെ പരിണതഫലം.

എന്താണ് വിവാദ സംവരണ സംവിധാനം‍?

1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം നൽകുമെന്ന സർക്കാർ തീരുമാനമാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. 170 ദശലക്ഷം വരുന്ന ജനസംഖ്യയിൽ അഞ്ചിലൊന്നു പേര്‍ക്കും ജോലിയോ വിദ്യാഭ്യാസമോ ഇല്ലാത്ത സാഹചര്യത്തിലായിരുന്നു സർക്കാർ നടപടി. 1972ലാണ് രാജ്യത്തിന്‍റെ സ്ഥാപകനേതാവും ശൈഖ് ഹസീനയുടെ പിതാവുമായ ശൈഖ് മുജീബുര്‍ റഹ്മാന്‍ സംവരണ സംവിധാനം കൊണ്ടുവരുന്നത്. തുടക്കത്തില്‍ 30 ശതമാനം സ്വാതന്ത്ര്യസമര സേനാനികള്‍ക്കും 10 ശതമാനം യുദ്ധത്തില്‍ ബാധിക്കപ്പെട്ട സ്ത്രീകള്‍ക്കും 40 ശതമാനം വിവിധ ജില്ലകള്‍ക്കും എന്നിങ്ങനെയായിരുന്നു സംവരണം. 1976ല്‍ ജില്ലകള്‍ക്കുള്ള സംവരണം 20 ശതമാനമാക്കി കുറച്ചു. 1985ല്‍ യുദ്ധത്തില്‍ ബാധിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള സംവരണം എല്ലാ സ്ത്രീകള്‍ക്കുമാക്കി മാറ്റി. ഗോത്രവര്‍ഗക്കാര്‍ക്ക് 5 ശതമാനം സംവരണവും പുതുതായി കൊണ്ടുവന്നു.

1997ല്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള സംവരണത്തിലേക്ക് അവരുടെ മക്കളെയും 2010ല്‍ പേരക്കുട്ടികളെയും ഉള്‍ക്കൊള്ളിക്കാമെന്ന ഉത്തരവുവന്നു. ഭിന്നശേഷിക്കാർക്കുള്ള 1 ശതമാനം സംവരണം 2012ലാണു നടപ്പാക്കിയത്. സ്വാതന്ത്ര്യസമരത്തിന് അരനൂറ്റാണ്ട് പിന്നിട്ടിട്ടും സ്വാതന്ത്ര്യസമര സേനാനികള്‍ക്കും അവരുടെ കുടുംബത്തിനുമുള്ള സംവരണം തുടരുന്നത് അനീതിയാണെന്നു വിദ്യാര്‍ഥി സമൂഹം പറയുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരില്‍ ഏറിയ പങ്കും മുജീബുര്‍ റഹ്മാന്‍റെ പാര്‍ട്ടി പ്രവര്‍ത്തകരാണെന്നതിനാല്‍ സംവരണത്തിന്‍റെ പ്രധാന ഗുണഭോക്താക്കള്‍ അവാമി ലീഗാണെന്നതാണു വിമര്‍ശനം. സർക്കാർ ഈ വ്യവസ്ഥ പിൻവലിക്കാൻ തയാറാകണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധമാണ് പിന്നീട് അരങ്ങേറിയത്. മെറിറ്റ് അടിസ്ഥാനത്തിൽ ജോലി നൽണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. എന്നാൽ ഇതു ചെവിക്കൊള്ളാൻ ഹസീനയോ ഭരണകക്ഷി എം.പിമാരോ തയാറായില്ല.

പ്രക്ഷോഭം ശക്തമാകുകയും നൂറിലേറെപ്പേർ കൊല്ലപ്പെടുകയും ചെയ്തതോടെ ജൂലൈ 21ന് ബംഗ്ലാദേശ് സുപ്രീംകോടതി വിഷയം അടിയന്തരമായി പരിഗണിക്കുകയും വിദ്യാർഥികൾക്ക് അനുകൂലമായി സംവരണത്തിൽ വലിയ മാറ്റങ്ങൾ വരുത്തി വിധി പ്രഖ്യാപിക്കുകയും ചെയ്തു. 93 ശതമാനം സര്‍ക്കാര്‍ ജോലികളിലും മികവിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നടത്തിയാല്‍ മതിയെന്നായിരുന്നു കോടതി വിധി. സ്വാതന്ത്ര്യ സമരസേനാനികളുടെ പിൻമുറക്കാർക്ക് 30 ശതമാനം സംവരണം നൽകിയിരുന്നത് അഞ്ച് ശതമാനമാക്കി സുപ്രീംകോടതി വെട്ടിക്കുറച്ചു. ബാക്കി രണ്ട് ശതമാനം പിന്നാക്ക ജില്ലകളിൽനിന്നുള്ളവർക്കും ഭിന്നശേഷിക്കാർക്കും ലഭിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ സുപ്രീംകോടതി വിധിയോടെ പ്രക്ഷോഭത്തിന് താൽക്കാലിക ശമനമായെങ്കിലും ഹസീനയുടെ രാജിയാവശ്യപ്പെട്ട് വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു.

പ്രതിഷേധം ശക്തിപ്രാപിക്കുന്നു

രാജ്യത്തെ ഏറ്റവും വലിയ സർവകലാശാലയായ ധാക്ക സർവകലാശാലയിലും പ്രതിഷേധം കൊടുമ്പിരികൊണ്ടു. ക്യാമ്പസ് വിട്ട് പുറത്തെത്തിയ വിദ്യാർഥികളും പൊലീസും തമ്മിൽ സംഘഷർഷമുണ്ടായതോടെ രക്തച്ചൊരിച്ചിലിന് തുടക്കമായി. സിനിമാപ്രവർത്തകരും വ്യവസായികളും ഉൾപ്പെടെ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവർ യുവാക്കൾക്ക് പിന്തുണയറിയിച്ച് രംഗത്തുവന്നതോടെ പ്രതിഷേധം വീണ്ടും കനത്തു. ഹസീന രാജി വെക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

സമൂഹമാധ്യമങ്ങളിലും ഹസീനക്കെതിരെ വൻ തോതിൽ കാമ്പയിനുകൾ സൃഷ്ടിക്കപ്പെട്ടു. തലസ്ഥാനത്ത് യുവാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ തുടർച്ചയായി സംഘർഷമുണ്ടായി. ഏറ്റുമുട്ടലുകളിൽ മുന്നൂറിലേറെ പേർക്ക് ജീവൻ നഷ്ടമായി. നിസ്സഹകരണ സമരം പ്രഖ്യാപിച്ച വിദ്യാർഥികൾ രാജ്യത്ത് പലയിടത്തും ഹൈവേകൾ ഉപരോധിച്ചു. ധാക്കക്കു പുറമെ മുൻസിഗഞ്ച്, പബ്ന, ഫെനി, ലക്ഷ്മിപുർ, രംഗ്പുർ, മഗുര എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമായി.

ഞായറാഴ്ച മാത്രം പൊലീസിന്‍റെ കണ്ണീർവാതക, റബ്ബർ ബുള്ളറ്റ് പ്രയോഗത്തിൽ 98 പേരാണ് തലസ്ഥാന നഗരമായ ധാക്കയിൽ മരിച്ചത്. സമീപകാല ചരിത്രത്തിലൊന്നും ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷത്തിൽ ഇത്രയധികം പേർക്ക് മരണം സംഭവിച്ചിട്ടില്ല. സംവരണനിയമത്തിലെ ഭേദഗതിക്കെതിരെ നടന്ന വിദ്യാർഥി സമരം ഉച്ചസ്ഥായിയിലെത്തിയ ജൂലൈ 19ന് 67 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.

ഇരുപതിലേറെ അവാമി ലീഗ് ഓഫിസുകൾ, എം.പിമാരുടെ വസതികൾ, പൊലീസ് സ്റ്റേഷനുകൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയെല്ലാം അഗ്നിക്കിരയായി. 39 ജില്ലകളിൽ അക്രമം അരങ്ങേറി. വിദ്യാർഥികളും അവാമി ലീഗ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഞായറാഴ്ച വൈകിട്ട് മുതൽ ദേശീയതലത്തിൽ കർഫ്യൂ പ്രഖ്യാപിച്ചു. പിന്നാലെ ഇന്‍റർനെറ്റ് സർവീസുകൾ കൂടി റദ്ദാക്കുകയും മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.

നിരവധിപേർ കൊല്ലപ്പെട്ടതോടെ തിങ്കളാഴ്ച ‘മാർച്ച് ടു ധാക്ക’ എന്ന പേരിൽ പ്രതിഷേധം ശക്തമാക്കാൻ വിദ്യാർഥികൾ തീരുമാനിച്ചു. പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭവനിലേക്ക് എത്തിയതോടെ ഗത്യന്തരമില്ലാതെ ഹസീന അവിടെനിന്ന് പലായനം ചെയ്തു.

ഹസീനയുടെ വീഴ്ച

രണ്ട് വ്യത്യസ്ത കാലയളവിലായി 20 വർഷത്തിലേറെയാണ് ശൈഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്. തുടർച്ചയായ നാലാം തവണയും അധികാരത്തിലേറുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വർഷമാദ്യം നടന്ന തെരഞ്ഞെടുപ്പിൽ അവർ മത്സരിച്ചതും. എന്നാൽ ഭരണഘടന സ്ഥാപനങ്ങളെയടക്കം കൈയടക്കിവെച്ച ഹസീന തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ജയം ഉറപ്പിച്ച മട്ടായിരുന്നു.

ചട്ടമനുസരിച്ച്, നിഷ്പക്ഷവും നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ ഒരു ഇടക്കാല സർക്കാർ രൂപവത്കരിക്കണം. എന്നാൽ ബംഗ്ലാദേശിൽ അതുണ്ടായില്ല. ബംഗ്ലാദേശിലെ ചില ജമാഅത്തെ ഇസ്‍ലാമി നേതാക്കളെ അവർ വധശിക്ഷക്ക് വിധിച്ചിരുന്നു. രാഷ്ട്രീയ പാർട്ടിയായിരുന്ന ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമിയെ നിരോധിക്കുകയും ചെയ്തു. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ഹസീനയുടെ പാർട്ടി തെരഞ്ഞെടുപ്പിൽ വിജയിച്ചതായി പ്രഖ്യാപിച്ചെങ്കിലും രാജ്യവ്യാപക പ്രതിഷേധത്തെ തടഞ്ഞുനിർത്താൻ അവർക്കായില്ല.

ശൈഖ് ഹസീന രാജിവെച്ചതോടെ, ബംഗ്ലാദേശിന്‍റെ ഭരണം സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. രാജ്യത്ത് ഉടൻ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ബംഗ്ലാദേശ് കരസേന മേധാവി ജനറൽ വാഖിറുസ്സമാൻ പ്രഖ്യാപിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തിയാകും സർക്കാരെന്നും പാർട്ടികളുമായി നടത്തിയ അടിയന്തര ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയായെന്നും സൈനിക മേധാവി അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാൻ പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീനുമായി ചർച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Bangladesh protests: Controversial job quota, reservation; what led to the resignation of Sheikh Hasina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.