ബൈഡൻ ചുമതലയേൽക്കും മുമ്പ് അമേരിക്കയിൽ കോവിഡ് ബാധിച്ച് 70,000 പേർ മരിച്ചേക്കുമെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: നിയുക്ത പ്രസിഡൻറ്​ ജോ ബൈഡൻ ചുമതലയേൽക്കും മുമ്പ് അമേരിക്കയിൽ കോവിഡ് ബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണം കുതിച്ചുയർന്നേക്കുമെന്ന് റിപ്പോർട്ട്. രണ്ട് മാസം കൊണ്ട് 80 ലക്ഷം പേർ കൂടി രോഗബാധിതരാകുമെന്നും 70,000 പേർ കൂടി മരിക്കുമെന്നും വിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

കോവിഡിനെ പിടിച്ചുകെട്ടാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നത് ബൈഡ​െൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ അജണ്ടകളിലൊന്നായിരുന്നു. 2021 ജനുവരി 20നാണ് ബൈഡൻ അധികാരമേൽക്കുന്നത്. ആ കാലയളവിനിടെ രോഗബാധിതരുടെ എണ്ണത്തിൽ 80 ശതമാനവും മരിക്കുന്നവരുടെ എണ്ണത്തിൽ 29 ശതമാനവും വർധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

നിലവിലെ പ്രസിഡൻറ്​ ഡൊണൾഡ് ട്രംപ് കൂടുതൽ കർശനവും കാര്യക്ഷമവുമായ പ്രതിരോധ നടപടികൾ ആവിഷ്കരിച്ചാലേ ഈ ദുരവസ്ഥ പരിഹരിക്കാൻ കഴിയൂ എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ശൈത്യകാലത്ത് വെല്ലുവിളി രൂക്ഷമാകുമെന്ന് യേൽ സർവകലാശാലയിലെ പകർച്ചവ്യാധി വിദഗ്ധൻ ഗ്രെഗ് ഗോൺസാൽവസ് അഭിപ്രായപ്പെട്ടു.

രണ്ടാമതും പ്രസിഡൻറാകാനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ട്രംപ് വൈറ്റ് ഹൗസ് കൊറോണ ടാസ്ക് ഫോഴ്സി​െൻറ പ്രവർത്തനങ്ങളിൽ അലംഭാവം കാട്ടിയെന്ന ആരോപണം ശക്തമാണ്. പ്രസിഡൻറ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അമേരിക്കയിൽ കൊറോണ വ്യാപനം വർധിച്ചതായാണ് റിപ്പോർട്ട്.

ട്രംപിനും നിയുക്ത പ്രസിഡൻറ്​ ജോ ബൈഡനും വൈസ് പ്രസിഡൻറിനും വൈറ്റ് ഹൗസിനും സുരക്ഷ ഒരുക്കുന്ന യു.എസ് സീക്രട്ട് സർവിസിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോവിഡ് പടരുകയാണ്. 130ലേറെ സീക്രട്ട് സർവിസ് ഏജൻറുമാർ കോവിഡ് ബാധിക്കുകയാ ക്വാറൻറീനിലാകുകയോ ചെയ്തിട്ടുണ്ടെന്ന് 'വാഷിങ്ടൻ പോസ്റ്റ്' ആണ് റിപ്പോർട്ട് ചെയ്തത്.

തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ പങ്കെടുത്ത ട്രംപിന്​ സുരക്ഷയൊരുക്കാൻ പോയതിലൂടെയാണ്​ കൂടുതൽ പേർക്കും കോവിഡ് ബാധിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്രംപി​െൻറ റാലികളിൽ പങ്കെടുത്ത ഭൂരിഭാഗം ഉദ്യോഗസ്ഥരും ആളുകളും മാസ്ക് ധരിച്ചിരുന്നില്ല. കഴിഞ്ഞ മൂന്നാഴ്ചക്കിടെ വൈറ്റ് ഹൗസിൽ ട്രംപി​െൻറ നേതൃത്വത്തിൽ നടത്തിയ നിരവധി പരിപാടികളിൽ മാസ്ക് ധരിക്കാത്ത നിരവധിയാളുകൾ ഉണ്ടായിരുന്നു.

നവംബർ മൂന്നിന് നടത്തിയ ഇലക്ഷൻ നൈറ്റ് പാർട്ടിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ട്രംപി​െൻറ ചീഫ് ഓഫ് സ്​റ്റാഫ് മാർക് മെഡോസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് അടുത്തിടെ കോവിഡ് ബാധിച്ചിരുന്നു.

Tags:    
News Summary - Before Biden's, 70,000 people were reported to have died of covid in the United States

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.