മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയെ മോസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില അതിഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ബെലറൂസ് പ്രതിപക്ഷ നേതാവ് വലേറി സെപ്കാലോ ആണ് ഇക്കാര്യം ട്വറ്ററിലൂടെ അറിയിച്ചത്. പുടിന്റെ ഏറ്റവും അടുത്ത അനുയായിയാണ് 68കാരനായ ലുകാഷെങ്കോ. മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ലുകാഷെങ്കോക്ക് വിഷബാധയേറ്റെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹത്തിന്റെ രക്തം ശുദ്ധീകരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചു.
ആരോഗ്യനിലയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. വിഷബാധക്ക് പിന്നിൽ റഷ്യയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വലേറി സെപ്കാലോ ആരോപിച്ചു.
ഇദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് മുമ്പും അഭ്യൂമുയർന്നിരുന്നു. ഈ മാസാദ്യം മോസ്കോയിൽ നടന്ന വിക്ടറി ദിന പരേഡിൽ പങ്കെടുത്ത ലുകാഷെങ്കോ റഷ്യൻ പ്രസിഡന്റുമായി ഉച്ചഭക്ഷണം കഴിക്കാനുണ്ടായിരുന്നില്ല. കാഴ്ചയിൽ വളരെ ക്ഷീണിതനായിരുന്നു. അദ്ദേഹത്തിന്റെ വലതു കൈക്ക് ബാൻഡേജ് ഇട്ടിരുന്നതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളെല്ലാം പിന്നീട് അദ്ദേഹം തള്ളിക്കളയുകയാണുണ്ടായത്.
''ഞാൻ മരിക്കാൻ പോവുകയാണെന്നാണ് നിങ്ങൾ കരുതുന്നുവെങ്കിൽ വെറുതെ ബഹളം വെക്കേണ്ട. എനിക്ക് ജലദോഷമാണ്. മൂന്നുദിവസം കൊണ്ട് ഭേദമാകും''-എന്നായിരുന്നു ബെലറൂസ് പ്രസിഡന്റിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.