വാഷിങ്ടൺ: ഗസ്സയിൽ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നുവെന്ന പേരിൽ കുരുതി തുടരുന്ന ഇസ്രായേലിന് പിന്തുണ ഉറപ്പുനൽകി യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. ശനിയാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹുവിനെയും ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിനെയും നേരിട്ട് ഫോണിൽ വിളിച്ചാണ് പിന്തുണ ഉറപ്പുനൽകിയത്. ഹമാസ് റോക്കറ്റാക്രമണം അടിയന്തരമായി അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് മഹ്മൂദ് അബ്ബാസിനോട് ആവശ്യപ്പെടുകയും ചെയ്തു.
''ഈ പുതിയ സംഘർഷം ഇസ്രായേലിലും ഫലസ്തീനിലും കുട്ടികളുൾപെടെ സാധാരണക്കാരുടെ ജീവൻ അപഹരിച്ചിട്ടുണ്ട്. ഗസ്സയിലെ ഹമാസും മറ്റു തീവ്രവാദികളും നടത്തുന്ന റോക്കറ്റാക്രമണങ്ങൾക്കെതിരെ ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് ഉറച്ച പിന്തുണ നൽകുന്നു. ഇസ്രായേലിലുടനീളം പട്ടണങ്ങളും നഗരങ്ങളും ലക്ഷ്യമിട്ട് നടത്തുന്ന വിവേചനമില്ലാത്ത ആക്രമണങ്ങളെ അപലപിക്കുകയും ചെയ്യുന്നു''- വൈറ്റ്ഹൗസ് പ്രസ്താവനയിൽ അറിയിച്ചു.
മേഖലയിൽ പുതുതായി ശക്തിയാർജിച്ച മുസ്ലിം- ജൂത വർഗീയ സംഘർഷങ്ങളിൽ ബൈഡൻ നടുക്കമറിയിച്ചു.
അതേ സമയം, അമേരിക്കൻ പ്രസിഡൻറുമായി സംഭാഷണ ശേഷം ഗസ്സയിൽ ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു വ്യക്തമാക്കി. ഇനിയും റോക്കറ്റ് തൊടുക്കാൻ അർഹരല്ല ഹമാസെന്ന് പഠിപ്പിക്കുകയാണ് ലക്ഷ്യമെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേൽ ആക്രമണങ്ങൾക്ക് ശക്തമായ പിന്തുണ അമേരിക്ക വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ് ഇനിയും ആക്രമിക്കാൻ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.