ഇസ്ലാമാബാദ്: അവിശ്വാസപ്രമേയത്തെ മറികടക്കാനുള്ള പാകിസ്താൻ സർക്കാറിന്‍റെ തിരക്കിട്ട നീക്കങ്ങൾക്കിടെ, പ്രധാനമന്ത്രി ഇംറാൻ ഖാന് വീണ്ടും തിരിച്ചടി. ഭരണകക്ഷിയിലെ മൂന്നു പ്രധാനപാർട്ടികൾ പ്രതിപക്ഷത്തോടൊപ്പം ചേരുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അവിശ്വാസപ്രമേയത്തിൽ ഇംറാൻ ഖാനെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ച ഭരണകക്ഷിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) അംഗങ്ങളെ ആജീവനാന്തം അയോഗ്യരായി പ്രഖ്യാപിക്കാൻ ഭരണഘടനാ സാധുത തേടി പാക് സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഭരണകക്ഷിയിലെ മൂന്നു പാർട്ടികൾ തന്നെ ഇംറാൻ ഖാനെ കൈവിട്ടത്.
മുത്തഹിദ ക്വാമി മൂവ്മെന്‍റ് പാകിസ്താൻ (എം.ക്യു.എം -പി), പാകിസ്താൻ മുസ്ലിം ലീഗ് -ക്യു, ബലൂചിസ്താൻ അവാമി പാർട്ടി എന്നിവയാണ് പ്രതിപക്ഷവുമായി സഹകരിച്ചുപ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇംറാനെ പുറത്താക്കാനുള്ള പ്രതിപക്ഷത്തിന്‍റെ കാമ്പയിനിൽ ഈ മൂന്നു പാർട്ടികളും ഉടൻ ചേരുമെന്നാണ് പുറത്തുവരുന്ന സൂചന.
സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പനിരക്കും നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നു കാണിച്ചാണ് പ്രതിപക്ഷം പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പാർട്ടിയിലെ വിമതർ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്താൽ ഇംറാന് രാജിയല്ലാതെ മറ്റുവഴികളില്ല. അവിശ്വാസപ്രമേയം പാസാക്കാൻ പ്രതിപക്ഷത്തിന് വിമതരുടെ വോട്ട് നിർണായകമാണ്.
342 അംഗ നാഷനൽ അസംബ്ലിയിൽ 172 പേരുടെ പിന്തുണയുണ്ടെങ്കിൽ അവിശ്വാസപ്രമേയം പാസാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.