ബർലിൻ: നാറ്റോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രകടനത്തിന് ആതിഥ്യം വഹിക്കാൻ ജർമനി ഒരുങ്ങുന്നു. റഷ്യ ഉൾപ്പെടെയുള്ള എതിരാളികൾക്ക് മുന്നറിയിപ്പ് നൽകുന്നതിനും സഖ്യകക്ഷികൾക്ക് ആത്മവിശ്വാസം നൽകുന്നതിനുമാണ് വ്യോമാഭ്യാസമെന്നാണ് വിലയിരുത്തപ്പെടുന്നത്.
‘എയർ ഡിഫൻഡർ 23’ എന്ന പേരിൽ ജൂൺ 12 മുതൽ 23 വരെ നടക്കുന്ന അഭ്യാസത്തിൽ 25 രാജ്യങ്ങളിൽനിന്നുള്ള 10,000 സൈനികരും 250 യുദ്ധവിമാനങ്ങളും പങ്കെടുക്കും. നാറ്റോ അംഗരാജ്യത്തിനുനേരെയുണ്ടാകുന്ന ആക്രമണത്തെ നേരിടുന്നത് പ്രതീകാത്മകമായി അവതരിപ്പിക്കും. അഭ്യാസത്തിൽ പങ്കെടുക്കുന്നതിന് 2000 സൈനികരെയും 100 യുദ്ധ വിമാനങ്ങളുമാണ് അമേരിക്ക അയക്കുന്നത്.
അഭ്യാസം വീക്ഷിക്കുന്നവർക്ക് മതിപ്പുണ്ടാകുമെന്നും എന്നാൽ ആരെയും അഭ്യാസം കാണാൻ നിർബന്ധിക്കുന്നില്ലെന്നും ജർമനിയിലെ അമേരിക്കൻ അംബാസഡർ അമി ഗുട്മാൻ പറഞ്ഞു. നാറ്റോ സേനയുടെ ചടുലതയും പ്രതികരണ വേഗവും തെളിയിക്കുന്നതായിരിക്കും വ്യോമാഭ്യാസമെന്നും അവർ പറഞ്ഞു.
ഈ സഖ്യത്തിന്റെ ശക്തി ഏതെങ്കിലും ലോക നേതാവ് ശ്രദ്ധിക്കുന്നില്ലെങ്കിൽ അത്ഭുതകരമായിരിക്കും. പുടിനും അതിൽ ഉൾപ്പെടുന്നു; റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ പരാമർശിച്ച് അവർ പറഞ്ഞു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിെന്റ പശ്ചാത്തലത്തിൽ നാറ്റോയുടെ നീക്കം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.