വാഷിങ്ടൺ: യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വീണ്ടും പശ്ചിമേഷ്യ സന്ദർശനത്തിന്. വെള്ളിയാഴ്ച ഇസ്രായേലും ജോർഡനും സന്ദർശിക്കുന്ന അദ്ദേഹം ഇസ്രായേൽ-ഹമാസ് യുദ്ധം വ്യാപിക്കുന്നത് തടയാനും ഗസ്സയിൽ അടിയന്തര സഹായം എത്തിക്കുന്നതിന് വഴിയൊരുക്കാനും ശ്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച പറഞ്ഞിരുന്നു. ജോർഡൻ കഴിഞ്ഞദിവസം ഇസ്രായേലിൽനിന്ന് അംബാസഡറെ തിരിച്ചുവിളിച്ചിരുന്നു.
ഗസ്സയിലെ അതിക്രമം അവസാനിപ്പിക്കുംവരെ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് ജോർഡൻ വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്. ഇരു രാജ്യങ്ങൾക്കുമിടയിൽ മഞ്ഞുരുക്കത്തിന് യു.എസ് ശ്രമിക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ബുധനാഴ്ച ബ്ലിങ്കൻ ഫോണിൽ സംസാരിച്ചിരുന്നു. ഇസ്രായേലിനുമേൽ അമേരിക്കക്കുള്ള സ്വാധീനം വെടിനിർത്തലിനും മാനുഷിക സഹായം ലഭ്യമാക്കാൻ വഴിയൊരുക്കാനും ഉപയോഗപ്പെടുത്തണമെന്ന് മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടു.
അതേസമയം, ഗസ്സയിൽ കരയുദ്ധം നടത്തുന്നത് അബദ്ധമാകുമെന്ന യു.എസ് ഉപദേശം തള്ളിയാണ് ഇസ്രായേൽ നീങ്ങുന്നത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ഫലസ്തീനികൾക്കെതിരെ നടത്തുന്ന അക്രമം അവസാനിപ്പിക്കാനും ഗസ്സയിൽ സിവിലിയൻ കൂട്ടക്കുരുതിയിൽനിന്ന് പിൻവാങ്ങാനും ബ്ലിങ്കൻ ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തുമെന്ന് റിപ്പോർട്ടുണ്ട്. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ മിന്നലാക്രമണം നടത്തിയതിനുശേഷം ബ്ലിങ്കൻ ഇസ്രായേൽ സന്ദർശിച്ച് പൂർണ പിന്തുണ അറിയിച്ചിരുന്നു.
ഇസ്രായേലിന് സൈനിക സഹായവും ലഭ്യമാക്കി. ഇസ്രായേലിന് പരസ്യ പിന്തുണ നൽകുകയും അതേസമയം, വെടിനിർത്തലിനും സിവിലിയൻ അവകാശങ്ങൾക്കുംവേണ്ടി നിലകൊള്ളുന്നെന്ന് വരുത്തുകയും ചെയ്യുന്ന നയതന്ത്രമാണ് യു.എസ് സ്വീകരിക്കുന്നത്. അറബ് രാഷ്ട്രങ്ങൾക്ക് പൂർണമായി എതിരുനിൽക്കുന്നത് പശ്ചിമേഷ്യയിലെ അമേരിക്കൻ താൽപര്യങ്ങളെ ബാധിക്കുമെന്ന ബോധ്യം അവർക്കുണ്ട്. പശ്ചിമേഷ്യൻ സന്ദർശനത്തിനുശേഷം ബ്ലിങ്കൻ ജപ്പാനും ദക്ഷിണ കൊറിയയും ഇന്ത്യയും സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.