രക്ഷാപ്രവർത്തനം നിർത്തി; ഇബ്രാഹിം റഈസിയുടെ മൃതദേഹം തബ്രിസ് നഗരത്തിലേക്ക് കൊണ്ടുപോയി

തെഹ്റാൻ: ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാന്‍റെയും ഒപ്പമുണ്ടായിരുന്നവരുടെയും മൃതദേഹങ്ങള്‍ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലെ തബ്രിസ് നഗരത്തിലേക്ക് കൊണ്ടുപോയി.

രക്ഷാപ്രവർത്തനവും തിരച്ചിലും അവസാനിപ്പിച്ചതായി ഇസ്‌ലാമിക് റിപ്പബ്ലിക് റെഡ് ക്രെസന്റ് സൊസൈറ്റിയുടെ (ഐ.ആര്‍.സി.എസ്) മേധാവി പിര്‍ ഹുസൈന്‍ കൊലിവാന്ദ് ടെലിവിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. തബ്രിസിൽ രക്തസാക്ഷികളെ അടക്കം ചെയ്ത സ്ഥലത്തേക്കാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. ഞായറാഴ്ച വൈകീട്ടുണ്ടായ ഹെലികോപ്ടര്‍ അപകടത്തിലാണ് ഇറാന്റെ എട്ടാമത് പ്രസിഡന്റായ റഈസി ഉൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെട്ടത്. മോശം കാലാവസ്ഥ കാരണം തിങ്കളാഴ്ചയാണ് രക്ഷാപ്രവർത്തകർക്ക് അപകട സ്ഥലത്ത് എത്താനായത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഹെലികോപ്ടർ.

പ്രതികൂല കാലാവസ്ഥ കാരണം മലയിടുക്കില്‍ തട്ടിയതാകാം അപകടകാരണമെന്നാണ് വിലയിരുത്തല്‍. അപകട സ്ഥലത്തുനിന്ന് റെഡ് ക്രെസന്റ് പ്രവര്‍ത്തകര്‍ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. അതേസമയം, പ്രസിഡന്‍റിന്‍റെ ചുമതല ഇനി ആരാകും വഹിക്കുകയെന്ന ചർച്ച സജീവമായി. ഇറാനിയൻ ഭരണഘടന അനുസരിച്ച് ആദ്യ വൈസ് പ്രസിഡന്‍റ് മുഹമ്മദ് മുഖ്ബർ ഇടക്കാല പ്രസിഡന്‍റാകും. ഇതിന് പരമോന്നത നേതാവ് അലി ഖാംനഈയുടെ അംഗീകാരം വേണം. 50 ദിവസത്തേക്കാണ് മുഖ്ബർ ചുമതലയേൽക്കുക. ഈ കാലയളവിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കണം.

ആദ്യ വൈസ് പ്രസിഡന്‍റ്, പാർലമെന്‍റ് സ്പീക്കർ, ജുഡീഷ്യറി മേധാവി എന്നിവരടങ്ങുന്ന ഉന്നതാധികാര കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കൊല്ലപ്പെട്ട റഈസിയെ പോലെ 68കാരനായ മുഖ്ബറും ഇറാൻ പരമോന്നത നേതാവുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്.

Tags:    
News Summary - Bodies of Iranian President Ebrahim Raisi, others transported to Tabriz city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.