ഇസ്രായേൽ ആക്രമണം നടത്തിയ യു.എൻ ക്യാമ്പിലെ ദൃശ്യം

‘ശരീരങ്ങൾ ചിന്നിച്ചിതറി, ഇരുമ്പ് കഷ്ണങ്ങൾ പറന്നു’

ഗസ്സ സിറ്റി: മധ്യ ഗസ്സയിൽ യു.എന്നിന്റെ നുസൈറത്ത് അഭയാർഥി ക്യാമ്പിലെ ദൃശ്യങ്ങൾ നടുക്കുന്നതും സങ്കൽപിക്കാനാവാത്തതുമെന്ന് ദൃക്സാക്ഷികൾ. കഴിഞ്ഞ ദിവസം പുലർച്ചെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.

ക്യാമ്പിലെ കിടപ്പുമുറിയാക്കിയ ക്ലാസ് മുറിയിൽ കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങളും രക്തംപുരണ്ട മെത്തകളും ചിതറിക്കിടക്കുന്നു. ഇരുമ്പ് കഷ്ണങ്ങൾ പറക്കുന്നതും താഴെ വീഴുന്നതും ഞാൻ കണ്ടു. സങ്കൽപ്പിക്കാനാവാത്തതാണ് ഇവിടെ സംഭവിച്ചത് -ഗസ്സ സിറ്റിയിൽ നിന്നുള്ള നഈം അൽ ദാദ പറഞ്ഞു. ഇവിടെ അഭയം പ്രാപിച്ച നൂറുകണക്കിന് ആളുകളിൽ ഒരാളാണ് നഈം. ലോകം ഞങ്ങളോട് ഇരട്ടത്താപ്പ് കാണിക്കുന്നു. ഇസ്രായേൽ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചിരിക്കുന്നു. ആക്രമണം എല്ലാ ചുവന്ന വരകളും മറികടന്നു. ഒരു യു.എൻ ക്യാമ്പിൽ ആയിരിക്കുന്നതുപോലും എന്റെ കുടുംബത്തിന് സംരക്ഷണം നൽകാൻ പോവുന്നില്ലെന്ന് തിരിച്ചറിയുന്നു- നഈം പറയുന്നു.

കഠിനതരമായ രാത്രിയായിരുന്നു അത്. എന്റെ ബന്ധുവായ മുഹമ്മദും ആ കൂട്ടത്തിൽ കൊല്ലപ്പെട്ടു -കൗമാരക്കാരനായ ഇബ്രാഹിം ലുലു വിവരിക്കുന്നു. ഞാനും എന്റെ സഹോദരന്മാരും സുഹൃത്തുക്കളും ഒരുമിച്ച് ഇരിക്കവെ പെട്ടെന്ന് ഒരു സ്ഫോടനമുണ്ടായി. ഞാൻ മതിലിനോട് ചേർന്നിരുന്നതിനാൽ മെത്ത എന്നെ സംരക്ഷിച്ചു. ചുറ്റുവട്ടത്തുള്ള ശരീരങ്ങളെല്ലാം ഛിന്നഭിന്നമായി തെറിച്ചതായും ഇബ്രാഹിം നടുക്കത്തോടെ പറഞ്ഞു.

യു.എൻ സ്കൂളിന്റെ മുറ്റത്ത് ബോഡി ബാഗുകളിലും പുതപ്പുകളിലുമായി 20 ലധികം മൃതദേഹങ്ങൾ നിരത്തി. നിരവധി സ്ത്രീകൾ തങ്ങളുടെ നിശ്ചലമായ ആൺമക്കളുടെ തലയിലും കൈകളിലും തഴുകുന്നത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ക്യാമ്പിലെ സ്കൂളിന്റെ മുകൾ നിലയിലെ ക്ലാസ് മുറികൾക്കുനേരെ യുദ്ധവിമാനത്തിൽനിന്ന് രണ്ട് മിസൈലുകൾ തൊടുത്തുവിട്ടതായി പ്രാദേശിക പത്രപ്രവർത്തകർ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ 14 കുട്ടികളും ഒമ്പത് സ്ത്രീകളും ഉൾപ്പെടുന്നുവെന്നാണ് ഹമാസിന്റെ ഓഫിസ് പുറത്തുവിട്ടത്. ഹമാസിനെ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യവും പുറത്തുവിട്ടിട്ടുണ്ട്.

പരിക്കേറ്റവരെ നുസൈറത്തിൽനിന്ന് അടുത്തുള്ള ദേർ അൽ ബലായിലെ ആശുപത്രിയിലേക്കാണ് മാറ്റിയത്. സമീപ ദിവസങ്ങളിൽ ഇസ്രായേൽ നടത്തിയ ശക്തമായ ബോംബാക്രമണത്തിലും ഷെല്ലാക്രമണത്തിലും പരിക്കേറ്റ നൂറുകണക്കിന് ആളുകളെ ചികിത്സിക്കാൻ കഴിയാതെ പാടുപെടുന്നതിനിടെയാണ് കൂടുതൽ പേർ ഇവിടേക്കെത്തുന്നത്. വൈദ്യുത ജനറേറ്റർ തകരാറിലായത് രോഗികളെ ചികിത്സിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആശുപത്രി അധികൃതർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രിയെ പിന്തുണക്കുന്ന ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിൽ നിന്നുള്ള ജീവനക്കാരും അവിടുത്തെ നടുക്കുന്ന ദൃശ്യങ്ങൾ വിവരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70 പേരെങ്കിലും മരിച്ചതായും 300ലധികം പേർക്ക് പരിക്കേറ്റതായും അവർ പറയുന്നു. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

ആഗോള തലത്തിലുള്ള പ്രതിഷേധവും നയതന്ത്ര ഒറ്റപ്പെടലും അഭിമുഖീകരിക്കുന്നതിനിടയിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇസ്രായേലിനെതിരെ രണ്ട് അന്താരാഷ്ട്ര കോടതികളിൽ കേസുകൾ നിലവിലുണ്ട്. ഗസ്സ മുനമ്പിൽ ആക്രമണം വ്യാപിപ്പിക്കവെ സുരക്ഷക്കായി അഭയം പ്രാപിച്ചവർക്കിടയിലേക്കാണ് വൻതോതിലുള്ള നാശനഷ്ടങ്ങളുണ്ടാക്കി ഒറ്റരാത്രികൊണ്ട് ഏറ്റവും പുതിയ ആക്രമണം. അതിനിടെ ആക്രമണത്തിൽ സുതാര്യത പുലർത്തണമെന്ന് ആവശ്യപ്പെട്ട് യു.എസ് രംഗത്തുവന്നു.

















Tags:    
News Summary - 'Bodies scattered, iron shards flew' Witnesses tell of 'unimaginable' Gaza shelter air strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.