വാഷിങ്ടൺ: താലിബാൻ അധികാരം പിടിച്ച കാബൂൾ നഗരത്തിലെ ഹാമിദ് കർസായി വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യു.എസ് വിമാനത്തിന്‍റെ ലാന്‍റിങ് ഗിയറിനോടു ചേർന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് സ്ഥിരീകരിച്ച് യു.എസ് വ്യോമസേന. തിങ്കളാഴ്ച സർവീസ് നടത്തിയ സൈനിക വിമാനത്തിലാണ് ഹൃദയം നുറുക്കുന്ന കാഴ്ച. വിമാനം ഇറങ്ങിയ ഉടൻ ആളുകൾ തള്ളിക്കയറിയതോടെ അതിവേഗം തിരിച്ചുപറക്കുകയായിരുന്നുവെന്നും പരിശോധനക്ക് കഴിഞ്ഞില്ലെന്നുമാണ് വിശദീകരണം.
താലിബാൻ ഭരണത്തിൽനിന്ന് രക്ഷപ്പെടാൻ വിമാനത്തിന്‍റെ ലാൻറിങ് ഗിയറിൽ കയറിക്കൂടിയതാകാം ഇവരെന്നാണ് നിഗമനം. വിമാനത്തിന്‍റെ ചിറകുകളിൽ അള്ളിപ്പിടിച്ചുകിടന്നവർ പറന്നുയർന്ന ഉടൻ താഴോട്ടുവീണ് മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.
എങ്ങനെയും രാജ്യത്തുനിന്ന് രക്ഷപ്പെടാൻ ജനം തിരക്കുകൂട്ടുന്ന കാഴ്ചകൾ പങ്കുവെക്കുന്ന നിരവധി വിഡിയോകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നത്. വിമാനത്തിൽനിന്ന് വീണ് നിരവധി പേർ മരിച്ചതും റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിനിടെയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നത്.
അമേരിക്കൻ സൈനിക വിമാനങ്ങൾ ഇതുവരെയായി 3,200 ഓളം പേരെ ഒഴിപ്പിച്ചതായാണ് അധികൃതർ പറയുന്നത്. ഞായറാഴ്ച രാത്രി സി-17 വിമാനം കാബൂളിൽനിന്ന് ഉയർന്നത് 640 പേരെയുമായിട്ടായിരുന്നു. വിമാനത്തിൽ കയറ്റാവുന്നതിന്‍റെ ഇരട്ടിയിലേറെ പേർ. കയറിയവരെ ഇറക്കാൻ നിൽക്കുന്നതിന് പകരം ഇവരെയുമായി പറക്കാനായിരുന്നു പൈലറ്റുമാരുടെ തീരുമാനം. പിറ്റേന്നും സമാനമായി ആൾക്കൂട്ടം വിമാനത്തിൽ കയറിപ്പറ്റിയപ്പോൾ സൈനികരെ വിന്യസിച്ചും മുകളിൽ അപ്പാഷെ ഹെലികോപ്റ്റർ വഴിയും ഇവരെ പരമാവധി ഇറക്കിയ ശേഷം പറന്നുയരുകയായിരുന്നു.
ഉയരുേമ്പാൾ ലാന്‍റിങ് ഗിയർ ഉയർത്താൻ ശ്രമിച്ചപ്പോഴാണ് നിരവധി പേർ അകത്തുകയറിപ്പറ്റി ചക്രത്തിലമർന്നുമരിച്ചതായി കണ്ടെത്തിയത്. നാലു മണിക്കൂർ കഴിഞ്ഞ് വിമാനം ഖത്തറിലെ ഉദൈദ് താവളത്തിൽ ഇറക്കി. എത്ര പേർ ഇങ്ങനെ മരിച്ചിട്ടുണ്ടെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല. അഫ്ഗാനിൽനിന്ന് നാടുവിടുന്ന അഫ്ഗാനികളെയും മറ്റുള്ളവരെയും അമേരിക്കൻ താവളമായ ഉദൈദിലേക്കാണ് കൊണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.