യു.കെയിൽ വീണ്ടും സമ്പൂർണ ലോക്ഡൗൺ; നിയന്ത്രണം ഫെബ്രുവരി പകുതി വരെ

ലണ്ടൻ: കൊറോണ വൈറസിന്‍റെ പുതിയ വകഭേദം രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ യു.കെയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഫെബ്രുവരി പകുതി വരെ ഒരു മാസത്തേക്കാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രൈമറി, സെക്കണ്ടറി സ്കൂളുകളും കോളജുകളും അടച്ചിടും. രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധിയെന്ന് ടെലിവിഷനിലൂടെ ബോറിസ് ജോൺസൻ വ്യക്തമാക്കി.

കോവിഡ് പ്രതിസന്ധി മറികടന്നുവെന്ന പ്രതീക്ഷയിൽ പൊതുവിടങ്ങൾ സജീവമായി വരുമ്പോഴായിരുന്നു ജനിതകമാറ്റം സംഭവിച്ച വൈറസ് യു.കെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ പ്രധാന നഗരങ്ങൾ ഉൾപ്പെടെ പല മേഖലകളും ലോക്ഡൗണിലായി. ഇതിന് പിന്നാലെയാണ് രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. നേരത്തെ, കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതൽ ജൂൺ വരെ യു.കെയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.

ക്രിസ്മസ്-പുതുവത്സരാഘോഷത്തിന് തയാറെടുക്കുകയായിരുന്ന ബ്രിട്ടീഷ് ജനതക്ക് കനത്ത ആഘാതമായിരുന്നു കോവിഡിന്‍റെ പുതിയ വരവ്. സെപ്റ്റംബർ 20ഓടെയാണ് തെക്കുകിഴക്കൻ ഇംഗ്ലണ്ടിലും ലണ്ടനിലും വൈറസ് അതിവേഗം പടർന്നു തുടങ്ങിയത്. വിശദമായ ജനിതകഘടനാ പഠനത്തിലാണ് വ്യാപിക്കുന്നത് ജനിതകമാറ്റം വന്ന വൈറസാണെന്ന് കണ്ടെത്തിയത്. ഒരുഘട്ടത്തിന് ശേഷം കുറഞ്ഞു വന്നിരുന്ന യു.കെയിലെ കോവിഡ് രോഗികളുടെ എണ്ണം അതോടെ വർധിക്കാൻ തുടങ്ങി.

നിലവിൽ അര ലക്ഷത്തിന് മുകളിലാണ് യു.കെയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. ആഗസ്റ്റ് ഒന്നിന് വെറും 761 രോഗികളായിരുന്നു പുതിയതായി റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബർ അവസാനം ഇത് പ്രതിദിനം പതിനായിരത്തിൽ താഴെയായി. ജനുവരി രണ്ടിന് ഒറ്റദിവസം കൊണ്ട് 57,725 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

നേരത്തേതിനെക്കാൾ വൈറസ് വ്യാപനം 70 ശതമാനം കൂടുതലാണ് ജനിതകമാറ്റം വന്ന വൈറസിനെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇതോടെ, ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ യു.കെയിൽ നിന്നുള്ള വിമാന സർവിസുകൾ താൽകാലികമായി നിർത്തിവെച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.