ലണ്ടൻ: രാജകീയ പരിവേഷത്തോടെയായിരുന്നു നമ്പർ 10 ഡൗണിങ് സ്ട്രീറ്റിലേക്ക് പഴയ ലണ്ടൻ ഒളിമ്പിക്സ് വീരനായകൻ ബോറിസ് ജോൺസൺ എഴുന്നള്ളിക്കപ്പെട്ടത്. പാർലമെന്റ് അംഗമായും കോസ്മോപൊളിറ്റൻ നഗരത്തിന്റെ മേയറായും മികവുകാട്ടിയ ആൾക്ക് പക്ഷേ, പ്രധാനമന്ത്രിപദത്തിലിരുന്ന മൂന്നു വർഷം ഒട്ടും ശുഭകരമായില്ല. തുടക്കം മുതൽ വില്ലനായി എണ്ണമറ്റ വിവാദങ്ങൾ. അധികാരം നൽകിയ ബ്രെക്സിറ്റ് തന്നെ തുടക്കത്തിൽ തിരിഞ്ഞുകൊത്തി. പിന്നീടെത്തിയത് ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരി.
രാജ്യത്ത് കടുത്ത ലോക്ഡൗൺ പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ അടിച്ചേൽപിച്ച ജോൺസൺ പരിവാരത്തെ കൂട്ടി ലഹരിവിരുന്നുകളുമായി കൂത്താടിയെന്നായിരുന്നു റിപ്പോർട്ടുകൾ. അന്വേഷണങ്ങളിൽ അവ തെളിയുകയും പിഴ ലഭിക്കുകയും ചെയ്തതോടെ നാണക്കേടായി. ഏറ്റവുമൊടുവിൽ ലൈംഗികപീഡന പരാതികളുടെ നിഴലിലുള്ള ഒരാളെ പിടിച്ച് പാർട്ടി വിപ്പാക്കുകകൂടി ചെയ്തപ്പോൾ സ്വന്തം പാളയത്തിൽ തന്നെ പട തുടങ്ങി. രണ്ടു പേരിൽ തുടങ്ങിയ രാജി അവസാനം 60ൽ എത്തിയപ്പോഴേക്ക് പാർട്ടി നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. ഉടൻ പാർട്ടി നേതൃപദവി ഒഴിഞ്ഞ ജോൺസൺ അടുത്ത നേതാവ് എത്തിയാൽ പ്രധാനമന്ത്രിപദം രാജിവെക്കുമെന്ന് അറിയിച്ച് തൽക്കാലം രക്ഷപ്പെടാനായി ശ്രമം. അതും കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
ബോറിസ് ജോൺസൺ മന്ത്രിസഭയിൽ രാജിവെച്ചവരുടെ പട്ടിക നീളുന്നു. വ്യാഴാഴ്ചമാത്രം രാജി നൽകിയത് എട്ടു പേർ. ജോർജ് ഫ്രീമാൻ, ഡാമിയൻ ഹിൻഡ്സ്, ഹെലൻ വാട്‍ലി, ബ്രാൻഡൺ ലൂയിസ്, ജെയിംസ് കാട്രിഡ്ജ്, മൈക്കൽ ഡോണിലാൻ, ഗയ് ഓപർമാൻ, ക്രിസ് ഫിലിപ് എന്നിവരാണ് മന്ത്രിസഭവിട്ടത്. പുതുതായി ചുമതല ലഭിച്ച 48 മണിക്കൂർ തികയുംമുമ്പ് പദവിവിട്ട് മടങ്ങിയ മൈക്കൽ ഡോണിലാൻ ആണ് ഇവരിൽ പുതുമുഖം. ജോൺസൺ മന്ത്രിസഭയിൽ വിവിധ പദവികളിലിരുന്ന 60 പേരാണ് ഇതോടെ മണിക്കൂറുകൾക്കിടെ രാജിവെച്ചത്. ഇത്രയും പേർ വിട്ട മന്ത്രിസഭയിൽ തുടരാൻ അർഹതയില്ലെന്നറിഞ്ഞിട്ടും പാർട്ടി പുതിയ നേതാവിനെ കണ്ടെത്തുംവരെ തുടരുമെന്ന നിലപാടിലാണ് ജോൺസൺ.
പാർട്ടി ആവശ്യപ്പെട്ടതിനു പിറകെ രാജി പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിൻഗാമിയാകാൻ കൺസർവേറ്റിവ് കക്ഷിയിൽനിന്ന് സാധ്യതയേറെ കൽപിക്കപ്പെടുന്നത് പ്രതിരോധമന്ത്രി ബെൻ വാലസിനെന്ന് റിപ്പോർട്ടുകൾ. 1999ൽ സ്കോട്ടിഷ് പാർലമെന്റ് അംഗമായി രാഷ്ട്രീയ നേതൃരംഗത്ത് തുടക്കമിട്ട വാലസ് 2005ൽ ബ്രിട്ടീഷ് പാർലമെന്റംഗമായി. പിന്നീട് പല പദവികൾ വഹിച്ചതിനൊടുവിലായിരുന്നു ജോൺസൺ മന്ത്രിസഭയിൽ പ്രതിരോധ സെക്രട്ടറിയായത്.
ലണ്ടൻ: ലണ്ടൻ മേയറായിരിക്കെ വിരുന്നെത്തിയ 2012ലെ ഒളിമ്പിക്സ് വൻ വിജയമാക്കാൻ മുന്നിൽനിന്ന നായകനായി ഗ്ലാമർ തുടക്കം. ബ്രക്സിറ്റ് വഴി ബ്രിട്ടനെ യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുകടത്തുമെന്ന വാഗ്ദാനവുമായി കൺസർവേറ്റിവുകളെ വൻ വിജയത്തിലേക്ക് നയിച്ച് പ്രധാനമന്ത്രി പദം. ആഘോഷമാകേണ്ടിയിരുന്ന ഭരണകാലം പക്ഷേ, മുൾപാതയായത് അതിവേഗം. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിലെ വൻ വീഴ്ചകൾ. സർക്കാറിനെ മുനയിൽ നിർത്തിയ ലഹരി പാർട്ടികൾ, സ്വന്തം പാർട്ടിയിലെ മുതിർന്ന അംഗം പ്രതിയായ ലൈംഗിക പീഡന കേസ്... എന്നിങ്ങനെ തൊട്ടതെല്ലാം പിഴച്ചതിനൊടുവിലാണ് ബോറിസ് ജോൺസൺ എന്ന മുൻ മാധ്യമപ്രവർത്തകന്റെ മടക്കം. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ കരിയറിന്റെ നാൾവഴി:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.