ലണ്ടൻ: വിവാദങ്ങൾക്കും രാഷ്ട്രീയ പ്രതിസന്ധികൾക്കുമൊടുവിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ(58) രാജിവെച്ചു. കൺസർവേറ്റിവ് പാർട്ടി നേതൃസ്ഥാനം ഒഴിഞ്ഞ അദ്ദേഹം പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രി പദവിയിൽ തുടരും. ഒക്ടോബറിൽ കൺസർവേറ്റിവ് പാർട്ടി തെരഞ്ഞെടുക്കുന്ന നേതാവായിരിക്കും ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിമാരും സർക്കാറുമായി ചേർന്നു പ്രവർത്തിക്കുന്ന പ്രമുഖരും കൂട്ടത്തോടെ രാജിവെച്ചതോടെ ബോറിസ് ജോൺസൺ പാർട്ടിയിൽ കൂടുതൽ ഒറ്റപ്പെടുകയായിരുന്നു. പ്രധാനമന്ത്രിയുടെ രാജിക്കായി പാർട്ടിയിലെ എം.പിമാരും രംഗത്തു വന്നു. ഇതോടെയാണ് അദ്ദേഹം സ്ഥാനമൊഴിയാൻ തയാറായത്.
2019 ജൂലൈയിൽ അധികാരമേറ്റതു മുതൽ ബോറിസിനെ വിവാദങ്ങൾ പിന്തുടരുകയായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ജോലി ഉപേക്ഷിക്കുന്നത് ദുഃഖത്തോടെ നിങ്ങളെ അറിയിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ബോറിസ് ജോൺസൺ രാജി പ്രഖ്യാപിച്ചത്.
ലൈംഗിക ആരോപണം നേരിട്ട ക്രിസ്റ്റഫർ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. ഇക്കാര്യത്തിൽ ജോൺസൺ മാപ്പു പറഞ്ഞതിന് പിറകെയാണ് മന്ത്രിമാർ രാജിവെക്കാൻ തുടങ്ങിയത്. പിഞ്ചർ ജൂൺ 30ന് രാജിവെച്ചിരുന്നു. ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനകും ആരോഗ്യ മന്ത്രി സാജിദ് ജാവിദും ചൊവ്വാഴ്ചയാണ് രാജിവെച്ചത്. ഇതിന് പിറകെയാണ് ശിശുക്ഷേമ-കുടുംബാരോഗ്യ മന്ത്രി വിൽ ക്വിൻസ്, ഗതാഗതമന്ത്രി ലൗറ ട്രോട്ട് എന്നിവർ ഉൾപ്പെടെ 50 പ്രമുഖരും പദവി ഒഴിഞ്ഞത്.
ഇതോടെ ബോറിസ് ജോൺസൺ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാവുകയായിരുന്നു. താൻ രാജിവെക്കില്ലെന്നും വൻ ജനപിന്തുണയോടെയാണ് സർക്കാർ അധികാരത്തിൽ എത്തിയതെന്നും കഴിഞ്ഞ ദിവസവും ജോൺസൺ പറഞ്ഞിരുന്നു. ബോറിസ് ജോൺസൺ പ്രധാനമന്ത്രി സ്ഥാനത്ത് തുടർന്നാൽ പാർലമെന്റിൽ വിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടി വരുമെന്ന് ലേബർ പാർട്ടി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.