ലണ്ടന്‍: ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിനെ യൂറോപ്പില്‍ യാത്രാനുമതിക്കുള്ള 'വാക്‌സിന്‍ പാസ്‌പോര്‍ട്ട്' പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇന്ത്യന്‍ നിര്‍മിതമായ ആസ്ട്രസെനേക വാക്‌സിനെ യൂറോപ്യന്‍ യൂണിയന്‍ യാത്രാപദ്ധതിക്കായി അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടണില്‍ 50 ലക്ഷത്തോളം പേര്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് സ്വീകരിച്ചതായാണ് കണക്ക്.
മെഡിസിന്‍ ആന്‍ഡ് ഹെല്‍ത് കെയര്‍ റെഗുലേറ്ററി അതോറിറ്റി (എം.എച്ച്.ആര്‍.എ) അംഗീകാരം നല്‍കിയ വാക്‌സിനുകള്‍ക്ക് വാക്‌സിന്‍ പാസ്‌പോര്‍ട്ട് അനുമതി നല്‍കാതിരിക്കുന്നതിന് ഒരു കാരണവും കാണുന്നില്ലെന്നും ഇക്കാര്യത്തില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
വാക്സിനെടുത്തവര്‍ക്ക് യൂറോപ്പില്‍ തടസമില്ലാത്ത സഞ്ചാരാനുമതി നല്‍കുന്ന 'വാക്സിന്‍ പാസ്പോര്‍ട്ടി'നായുള്ള ഗ്രീന്‍ പാസ് യൂറോപ്യന്‍ യൂണിയന്‍ കോവിഷീല്‍ഡിന് നല്‍കിയിട്ടില്ല. ആസ്ട്രസെനേക്കയും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഇതേ വാക്സിന്‍ വാക്സെവിരിയ എന്ന പേരില്‍ ആസ്ട്രസെനേക്ക യൂറോപ്പില്‍ നല്‍കുന്നുണ്ട്. എന്നാല്‍, വാക്സെവിരിയക്ക് മാത്രമാണ് 'വാക്സിന്‍ പാസ്പോര്‍ട്ടി'നായുള്ള ഗ്രീന്‍ പാസ് നല്‍കിയത്. ഇതുകൂടാതെ, മൊഡേണ, ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിനും ഗ്രീന്‍ പാസ് നല്‍കിയിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. കോവിഷീല്‍ഡിന് അനുമതി നല്‍കുന്ന കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്ക് സ്വന്തം നിലക്ക് തീരുമാനമെടുക്കാമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവിച്ചത്. ഇതിന് പിന്നാലെ, സ്വിറ്റ്‌സര്‍ലന്‍ഡും ഏഴ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും കോവിഷീല്‍ഡിനെ യാത്രാനുമതി പട്ടികയില്‍പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.