ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമറും ഭാര്യയും ആഹ്ലാദം പങ്കിടുന്നു 

ബ്രിട്ടൻ അധികാരമാറ്റത്തിലേക്ക്; ലേബർ പാർട്ടിക്ക് ലീഡ്, ഋഷി സുനകിന് കനത്ത തിരിച്ചടി

ലണ്ടൻ: ബ്രിട്ടൻ പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും കൺസർവേറ്റിവ് പാർട്ടി നേതാവുമായ ഋഷി സുനകിന് കനത്ത തിരിച്ചടി. 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലെത്തുമെന്നാണ് ഫലസൂചനകൾ.

650 സീറ്റുകളിൽ ലേബർ പാർട്ടി 410 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഋഷി സുനകിന്‍റെ കൺസർവേറ്റിവ് പാർട്ടിക്ക് 131 സീറ്റുകളിൽ മാത്രമാണ് മുൻതൂക്കമുള്ളത്. ലിബറൽ ഡെമോക്രാറ്റുകൾ 61 സീറ്റുകളിലും റിഫോം യു.കെ 13 സീറ്റുകളിലും സ്കോട്ടിഷ് നാഷണൽ പാർട്ടി 10 സീറ്റുകളിലും പ്ലെയ്ഡ് സിമ്രു നാല് സീറ്റുകളിലും ഗ്രീൻ പാർട്ടി രണ്ട് സീറ്റുകളിലും മറ്റുള്ളവർ 19 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് തുടങ്ങി 650 മണ്ഡലങ്ങൾ ഉൾപ്പെടുന്ന സഭയിൽ ഭൂരിപക്ഷം ലഭിക്കാൻ 326 സീറ്റുകൾ വേണം. ലിബറൽ ഡെമോക്രാറ്റുകൾ, ഗ്രീൻ പാർട്ടി, സ്കോട്ടിഷ് നാഷനൽ പാർട്ടി (എസ്.എൻ.പി), എസ്.ഡി.എൽ.പി, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി (ഡി.യു.പി), സിൻ ഫെയിൻ, പ്ലെയ്ഡ് സിമ്രു, കുടിയേറ്റ വിരുദ്ധരായ റിഫോം പാർട്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളാണ് ജനവിധി തേടിയത്.

സർക്കാറിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. 2022 ഒക്ടോബറിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ തുടർന്ന് ബ്രിട്ടന്റെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സുനക് ആദ്യമായാണ് ജനവിധി തേടുന്നത്.

2019ലെ ലേബർ പാർട്ടിയുടെ തോൽവിക്കു ശേഷം ജെറമി കോർബിനിൽ നിന്ന് ചുമതലയേറ്റ കെയ്ർ സ്റ്റാർമറിനും ആദ്യ തെരഞ്ഞെടുപ്പാണിത്. ഭൂരിപക്ഷം ലഭിച്ചാൽ 2010ൽ ഗോർഡൻ ബ്രൗണിനു ശേഷം ആദ്യമായി പ്രധാനമന്ത്രിയാകുന്ന ലേബർ പാർട്ടി നേതാവാകും സ്റ്റാർമർ. ഹൗസ് ഓഫ് കോമൺസിലേക്കുള്ള തെരഞ്ഞെടുപ്പിൽ 46 ദശലക്ഷത്തിലേറെ പേർക്കാണ് സമ്മതിദാനാവകാശമുണ്ടായിരുന്നത്. അഞ്ചു വർഷത്തിലൊരിക്കലാണ് ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുക.

Tags:    
News Summary - Britain to transition; Lead the Conservative Party, A heavy blow for Rishi Sunak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.