ലോസ് ആഞ്ചലസ്: 'എനിക്ക് കരച്ചിൽ വരുന്നു'. തന്‍റെ 3.5 കോടി ഫോളോവേഴ്സിനോട് കഴിഞ്ഞ ദിവസം പ്രശസ്ത അമേരിക്കൻ ഗായിക ബ്രിട്‌നി സ്പിയേഴ്സ് പറഞ്ഞു. രക്ഷാകർതൃത്വത്തിൽനിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ബ്രിട്നിയുടെ ഹരജിയുടെ അവസാന വിധി വന്ന ദിവസമായിരുന്നു കഴിഞ്ഞ ദിവസം. ലോസ് ആഞ്ചലസിലെ കോടതി അവരെ രക്ഷിതാവിൽനിന്ന് 'സ്വതന്ത്രയാക്കി'. വിധി അറിയാനും ബ്രിട്നിക്ക് പിന്തുണ അറിയിച്ചും ആയിരക്കണക്കിന് ആരാധകർ കോടതിക്ക് പുറത്ത് തടിച്ചു കൂടിയിരുന്നു.
കഴിഞ്ഞ 13 വർഷമായി പോപ്പ് താരം ബ്രിട്‌നി സ്പിയേഴ്സിന്റെ ജീവിതത്തെ നിയന്ത്രിച്ച വിവാദപരമായ രക്ഷാകർതൃത്വം ലോസ് ആഞ്ചലസിലെ ജഡ്ജി വെള്ളിയാഴ്ച അവസാനിപ്പിച്ചു.
ഡൗൺ ടൗൺ കോടതിക്ക് പുറത്ത് അവരുടെ ആരാധകർ ആർപ്പു വിളികളോടെ വിധി സ്വാഗതം ചെയ്തു. സെപ്റ്റംബറിൽ നടന്ന ഹിയറിംഗിൽ പോപ്പ് രാജകുമാരിയുടെ പിതാവ് ജാമി സ്പിയേഴ്സിനെ അവരുടെ സമ്പത്തിന്‍റെയും എസ്റ്റേറ്റിന്‍റെയും ചുമതലയുള്ള സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷമാണ് രക്ഷാകർതൃത്വത്തിന് കഴിഞ്ഞ ദവിസം ഔപചാരികമായ അന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ചത്തെ ഹ്രസ്വ വിചാരണയിൽ അന്തിമ വിധി വേഗത്തിൽ വേണമെന്ന് ഇരുപക്ഷവും കോടതിയോട് അഭ്യർഥിച്ചിരുന്നു.
13 വർഷമായി വിടാതെ പിന്തുടരുന്ന രക്ഷാകർതൃ ഭരണം ഇനിയെങ്കിലും അവസാനിപ്പിച്ചുതരണമെന്ന് ആവശ്യപ്പെട്ട് പോപ് ഗായിക ബ്രിട്‌നി സ്പിയേഴ്സ് നാളുകൾക്ക് മുമ്പ് കോടതിയെ സമീപിച്ചിരുന്നു. 2008 മുതൽ സ്വന്തം കാര്യങ്ങൾ നോക്കി നടത്താനുള്ള അധികാരമില്ലാതെ എല്ലാം രക്ഷാകർത്താവാണ് ബ്രിട്നിയുടെ കാര്യങ്ങൾ നോക്കി നടത്തുന്നത്. സാമ്പത്തിക വിഷയങ്ങളും അവർ തന്നെ കൈകാര്യം ചെയ്യും. ഇതിനെതിരെയാണ് അസാധാരണ കേസുമായി ഗായിക ലോസ് ആഞ്ചൽസ് കോടതിയിലെത്തിയത്.
2008ൽ രക്ഷാകർതൃ പദവി ലഭിച്ചതോടെ പിതാവ് ജാമി സ്പിയേഴ്സാണ് ബ്രിട്നിയുടെ ആസ്തിയും കരിയറും ജീവിതത്തിലെ മറ്റു കാര്യങ്ങളും തീരുമാനിക്കുന്നത്. പ്രായാധിക്യം വന്ന് പിതാവ് അടുത്തിടെ ഒഴിെഞ്ഞങ്കിലും പദവി വിട്ടിരുന്നില്ല.
'ഇനിയെങ്കിലും എനിക്ക് ജീവിതം വേണം. സ്വന്തം കാര്യങ്ങൾ ചെയ്യാൻ തനിക്കാകും. എെൻറ ആസ്തിയുടെ ഉടമസ്ഥത എനിക്ക് നൽകണം. എെൻറ കഥ പുറംലോകമറിയുകയും വേണം''- കോടതിയിൽ നടത്തിയ ദീർഘമായ പ്രഭാഷണത്തിൽ ബ്രിട്‌നി പറഞ്ഞു.
''രക്ഷാകർതൃത്വം വന്നതോടെ സ്വന്തം ആഗ്രഹങ്ങൾ നടത്താൻ സാധിക്കുന്നില്ല. വിവാഹിതയാകാനും ഒരു കുഞ്ഞുണ്ടാകാനും ആഗ്രഹമുണ്ട്. കുഞ്ഞുണ്ടാകുന്നതിനുള്ള വിലക്കും നീങ്ങിക്കിട്ടണം. പക്ഷേ, ഡോക്ടറെ കാണാൻ പോലും അനുമതിയില്ല. കാമുകനൊപ്പം അവെൻറ കാറിൽ സഞ്ചരിക്കാനും അനുമതിയില്ല. സുഹൃത്തുക്കളെ കാണാനുമാകുന്നില്ല''- ബ്രിട്‌നി കോടതിയിൽ പറഞ്ഞ വാക്കുകളാണിത്.
2007ൽ ബ്രിട്‌നി മാനസിക പ്രശ്നങ്ങൾ നേരിട്ടതിനു പിന്നാലെയാണ് രക്ഷാകർത്താവിനെ വെച്ചത്. കുട ചൂടി കാറോടിച്ചും പരസ്യമായി മുടിവടിച്ചും പ്രശ്നങ്ങൾ നാട്ടാരെ അറിയിച്ചതോടെ 67കാരനായ പിതാവ് ജാമി സ്പിയേഴ്സിന് രക്ഷാകർതൃ പദവി നൽകുകയായിരുന്നു. കഴിഞ്ഞ മാസം ജാമി താത്കാലികമായി പദവി ഒഴിഞ്ഞെങ്കിലും സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് അദ്ദേഹം തന്നെയായിരുന്നു. ഹാസ്യ നടൻ ടിം കോൺവേ, റേഡിയോ അവതാരക കാസി കസം തുടങ്ങിയവരും മുമ്പ് രക്ഷാകർതൃ വിഷയത്തിൽ കോടതി കയറിയിരുന്നു. ശാരീരിക വൈകല്യം, ഓർമപ്പിശക് തുടങ്ങിയ പ്രശ്നങ്ങളുടെ പേരിലാണ് പൊതുവെ രക്ഷാകർതൃത്വം കോടതി നിയമമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.