ന്യൂജഴ്‌സിയിൽ ബുൾഡോസർ റാലിയുമായി ഹിന്ദുത്വ സംഘത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷം

ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി യു.എസിലെ ന്യൂജഴ്‌സിയിൽ നടന്ന ആഘോഷത്തിൽ ബുൾഡോസറുകളുമായി റാലി നടത്തി ഹിന്ദുത്വ സംഘടനകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങളടങ്ങിയ ഫ്‌ളക്‌സുകൾ ഉയർത്തിയായിരുന്നു ബുൾഡോസർ ഘോഷയാത്ര.

ന്യൂജഴ്‌സിയിൽ ഇന്ത്യൻ പ്രവാസികളുടെ നേതൃത്വത്തിൽ നടന്ന ആഘോഷപരിപാടികൾക്കിടെയായിരുന്നു ബുൾഡോസർ റാലി. യോഗിയുടെ ബുൾഡോസർ ഡ്രൈവിനെ സൂചിപ്പിച്ച് 'ബാബാ കാ ബുൾഡോസർ' എന്ന തലവാചകമടങ്ങുന്ന ഫ്‌ളക്‌സുകളാണ് ഇതിൽ സ്ഥാപിച്ചിരുന്നത്. റാലിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

''ഇന്ന് ഹിന്ദു വലതുപക്ഷത്തിന്റെ നേതൃത്വത്തിൽ ന്യൂജഴ്‌സിയിലെ എഡിസണിൽ ബുൾഡോസറുമായി മാർച്ച് നടന്നു. മുസ്‍ലിം വീടുകളും ജീവനോപാധികളും തകർക്കാൻ ബി.ജെ.പി ഉപയോഗിക്കുന്ന ആയുധമാണ് ഇപ്പോൾ ബുൾഡോസർ.''അമേരിക്കയിലെ ഇന്ത്യൻ മുസ്‍ലിം കൂട്ടായ്മയായ ഇന്ത്യൻ അമേരിക്കൻ മുസ്‍ലിം കൗൺസിൽ ട്വീറ്റ് ചെയ്തു.

ഉത്തർപ്രദേശിലടക്കം അനധികൃത കൈയേറ്റമെന്ന് ആരോപിച്ച് നിരവധി മുസ്‍ലിം വീടുകളും കടകളും കെട്ടിടങ്ങളുമാണ് ബി.ജെ.പി ഭരണകൂടം അടുത്തിടെ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കിയത്. സമാനമായി ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലും മുസ്‍ലിം സ്വത്തുവകകൾ തകർത്തിരുന്നു. കർണാടകയിലെ ബി.ജെ.പി സർക്കാറും ഇതുസംബന്ധിച്ച ഭീഷണി മുഴക്കിയിട്ടുണ്ട്. 

Tags:    
News Summary - bulldozer rally in new jersey right wing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.