ലണ്ടൻ: ഇന്ത്യ സന്ദർശനത്തിനിടെ ഗുജറാത്തിലെ ജെ.സി.ബി ഫാക്ടറിയിലെത്തി ഫോട്ടോയെടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുലിവാല് പിടിച്ചിരിക്കുകയാണ്. യു.കെയിലെ രണ്ടു വനിത എം.പിമാരാണ് ബോറിസിനെതിരെ ഇപ്പോൾ രൂക്ഷവിമർശനവുമായി രംഗത്തുവന്നത്.
വർഗീയ സംഘർഷങ്ങളുടെ പേരിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ ഒരു സമുദായത്തിന്‍റെ വീടുകളും കടകളും ബുൾഡോസറുകൾ ഉപയോഗിച്ച് ഭരണകൂടം തന്നെ ഇടിച്ചു നിരത്തുന്നതിനിടെയാണ് ബോറിസ് ജെ.സി.ബി ഫാക്ടറി സന്ദർശിക്കുന്നത്. ഭരണകൂടത്തിന്‍റെ ബുൾസോഡർ രാജിനെതിരെ സുപ്രീംകോടതി തന്നെ ഇടപെടുകയും സ്റ്റേ അനുവദിക്കുകയുമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിഷയം ഉന്നയിച്ചിരുന്നോ എന്ന് യു.കെ എം.പിമാർ ബോറിസിനോട് ചോദിച്ചു. കൈയേറ്റം ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് വീടുകളും കടകളും ഇടിച്ചുനിരത്തിയതെന്നാണ് ബി.ജെ.പി സർക്കാറുകളും നഗരസഭയും വ്യക്തമാക്കിയിരുന്നത്. എന്നാൽ, കൈയേറ്റം ഒഴിപ്പിക്കാനെന്ന പേരിൽ മുസ്ലിം വിഭാഗത്തെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പ്രതിപക്ഷവും സാമൂഹിക പ്രവർത്തകരും ആരോപിച്ചു.
ജോൺസന്റെ സമീപകാല ഇന്ത്യാ സന്ദർശനം വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണകൂട ബുൾഡോസർ രാജിന് നിയമസാധുത നൽകാൻ സഹായിച്ചെന്ന് നോട്ടിങ്ഹാം ഈസ്റ്റിൽനിന്നുള്ള ലേബർ പാർട്ടി എം.പി നാദിയ വിറ്റോം യു.കെ ജനപ്രതിനിധി സഭയിൽ പറഞ്ഞു.
ജെ.സി.ബിയിൽ കയറി കൈവീശുന്ന ബോറിസ് ജോൺസന്‍റെ ഫോട്ടോ ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ വിമർശനം. വിഷയം പ്രധാനമന്ത്രി മോദിയുമായി ബോറിസ് ജോൺസൺ സംസാരിച്ചോ. ഇല്ലെങ്കിൽ എന്തുകൊണ്ട്? മോദിയുടെ തീവ്ര വലതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് നിയമസാധുത നൽകാൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം സഹായിച്ചെന്ന് താങ്കൾ അംഗീകരിക്കുന്നുണ്ടോ? -നാദിയ ചോദിച്ചു.
കോവൻട്രി സൗത്തിൽനിന്നുള്ള എം.പി സാറാ സുൽത്താനയും യു.കെ പർലമെന്‍റിൽ ബോറിസിനെതിരെ രൂക്ഷമായി വിമർശിച്ചു. മനുഷ്യാവകാശ പ്രശ്നങ്ങളിൽ ബോറിസ് ജോൺസൺ എത്രമാത്രം ശ്രദ്ധാലുവാണെന്നാണ് അദ്ദേഹത്തിന്‍റെ ജെ.സി.ബി ഫാക്ടറി സന്ദർശനം കാണിക്കുന്നതെന്ന് അവർ പരിഹസിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തിൽ മുസ്ലീം വിരുദ്ധ ആക്രമങ്ങൾ അഴിച്ചുവിടുമ്പോഴും മോദിയോട് വിഷയം ചോദിക്കുന്നതിൽ ബോറിസ് പരാജയപ്പെട്ടെന്നുംം സാറ വ്യക്തമാക്കി.
വിവേചനത്തെ അപലപിക്കുന്നതായും ആവശ്യമുള്ളപ്പോൾ ഇത്തരം വിഷയങ്ങൾ ഉയർത്തിക്കാട്ടുമെന്നും ഭരണകക്ഷി ബെഞ്ച് എം.പിമാർക്ക് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.